ന്യൂഡൽഹി: നാല് മേഖലകൾക്ക് ഊന്നൽ നൽകി ബജറ്റ് അവതരണം. പിഎം ഗതിശക്തി, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, നിക്ഷേപ വർധന എന്നിവയാണ് ഈ നാല് മേഖലകൾ. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തെ വികസനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.
2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. പിഎം ഗതിശക്തിയിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണും. ആത്മനിർഭർ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ഗതാഗത വികസനത്തിനും ബജറ്റിൽ മികച്ച മുൻഗണന നൽകിയിട്ടുണ്ട്. 400 പുതിയ വന്ദേഭാരത് ട്രെയിനുകളാണ് ആരംഭിക്കുന്നത്.
25,000 കിലോമീറ്ററിൽ ദേശീയപാതാ വികസനം നടത്തും. യാത്രാസൗകര്യ വികസനത്തിന് അർഹമായ പ്രാമുഖ്യം നൽകും. ഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ 20,000 കോടി രൂപ അനുവദിക്കും. റോഡ്, റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ തുടങ്ങി ഏഴ് ഗതാഗതമേഖലകളിൽ ദ്രുതവികസനം കൊണ്ടുവരും.കാർഷിക മേഖലയ്ക്കും ഗുണകരമായ ധാരാളം പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2.73 ലക്ഷം കോടി രൂപ താങ്ങുവിലയ്ക്കായി അനുവദിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി രണ്ട് ലക്ഷം കോടിയാണ് നീക്കി വച്ചിരിക്കുന്നത്. കാർഷികോൽപ്പാദന സംഭരണത്തിനായി 2.73 ലക്ഷം കോടി അനുവദിക്കും.
Post Your Comments