കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടികളെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ഇവരിൽ ഒരാളായ തന്റെ മകളെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട രക്ഷിതാവിനൊപ്പം കുട്ടിയെ അധികൃതർ വിട്ടയച്ചു. കുട്ടിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. കുട്ടിയെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്മ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ട് സിഡബ്ള്യുസിയാണ് കുട്ടിയെ മടക്കി അയച്ചത്. മറ്റ് അഞ്ച് കുട്ടികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സിഡബ്ള്യുസി ഇന്ന് യോഗം ചേരും.
Also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിലെ ആറ് പെൺകുട്ടികളെ കാണാതായത്. കാണാതായ ആറ് കുട്ടികളിൽ രണ്ട് പേരെ ബംഗളുരുവിൽ നിന്നും, നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നും പൊലീസ് കണ്ടെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലാവകാശ കമ്മീഷൻ പെൺകുട്ടികളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ കുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. പിന്നീട് ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ബാലമന്ദിരത്തിലെ ശോചനീയമായ സാഹചര്യമാണ് പുറത്തുകടക്കാൻ കാരണമെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് പരിഗണിക്കാതെ അവരെ തിരികെ ബാലമന്ദിരത്തിൽ എത്തിച്ചപ്പോൾ അവരിൽ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Post Your Comments