കോട്ടയം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്നും എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പിഎൻ വാസവൻ വ്യക്തമാക്കി. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ലെന്നും പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.
‘തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു.’ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.
വാവ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി.
ഇന്നു വൈകിട്ടാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ കാൽ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് തന്നെ മാറ്റി. അതിനുശേഷം അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവ സുരേഷിന് ചികിത്സ നൽകിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
Post Your Comments