എം.ജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം. കൃത്യ നിർവഹണത്തിന് വീഴ്ച വരുത്തിയ അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയുമാണ് സ്ഥലം മാറ്റിയത്. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും എന്ന് വൈസ് ചാന്‍സലര്‍ സാബു തോമസ് അറിയിച്ചു. ഇതിനായി നാലംഗ സമിതിയെ നിയോഗിക്കും.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജീവനക്കാരി എല്‍സിയുടെ നിയമനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. നിയമനവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയ്ത് എന്നും സര്‍വകലാശാല വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് സര്‍ട്ടിഫിക്കറ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി എം.ബി.എ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന് ഇടയില്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് ആയ എല്‍സിയെ വിജിലന്‍സ് പിടികൂടിയത്. ഒന്നര ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥിയില്‍ നിന്നും ഇവര്‍ ആവശ്യപ്പെട്ടത്.
സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഇതേ കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല രജിസ്ട്രാറിന് മന്ത്രി നിര്‍ദ്ദേശവും നല്‍കി.
Post Your Comments