വാഷിങ്ടൺ: താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം കൊല്ലപ്പെട്ടത് നൂറിലധികം മുൻ അഫ്ഗാൻ സൈനികരെന്ന് ഐക്യരാഷ്ട്ര സംഘടന. യു.എസ്-അന്താരാഷ്ട്ര സഖ്യസേനയോടൊത്ത് പ്രവർത്തിച്ചിരുന്ന, സ്വദേശികളായ സൈനികരാണ് കൊല്ലപ്പെട്ടത്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ മുൻ സൈനികരിൽ, മൂന്നിൽ രണ്ടു ഭാഗവും താലിബാന്റെ ക്രൂരപീഡനം അനുഭവിക്കുന്നുണ്ട്. കൂടാതെ, നൂറിലധികം പേർ കൊല്ലപ്പെട്ടതായും യുഎൻ മേധാവി ഗുട്ടെറസ് വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-സഖ്യസേനകളുടെ കൂടെ പ്രവർത്തിച്ചിരുന്നവർക്ക് പൊതുമാപ്പ് നൽകിയെന്ന താലിബാൻ വാഗ്ദാനം പാഴ്‌വാക്കാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മുൻ അഫ്ഗാനിസ്ഥാൻ സൈനികരെ, താലിബാൻ ഭീകരർ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്ന് മുൻനിര അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യമന്വേഷിക്കുന്ന യുഎൻ പൊളിറ്റിക്കൽ മിഷന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. അമ്പതിലധികം നിയമവിധേയമല്ലാത്ത കൊലപാതകങ്ങളും, നിരവധി പേരെ സംശയകരമായ രീതിയിൽ കാണാതാവുന്നതും ഐക്യരാഷ്ട്ര സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് യു.എൻ മേധാവി വ്യക്തമാക്കി.
Post Your Comments