തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ടുകൾ സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി സൂചന. എസ്ബിഐയിൽ നിന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലേക്കാണ് സേന അക്കൗണ്ടുകൾ മാറ്റുന്നത്. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സ്വകാര്യ ബാങ്കിന് നൽകാൻ ഡിജിപി ഉത്തരവിട്ടു. സേനയിൽ ശമ്പള അക്കൗണ്ടുകൾ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
നിലവിൽ സംസ്ഥാന പൊലീസ് സേനയിൽ ശമ്പള വിതരണ അക്കൗണ്ടുകൾ എസ്ബിഐയിലാണ്. ഈ അക്കൗണ്ടുകളാണ് ഇപ്പോൾ സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിലേക്ക് എല്ലാ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൊലീസ് വെൽഫെയർ ഫണ്ട്, മെസ് അലവൻസ്, സംഘടനാ പിരിവ് എന്നിങ്ങനെ ജീവനക്കാരുടെ തിരിച്ചടവുകൾ എല്ലാം ഇനി മുതൽ എച്ച്ഡിഎഫ്‌സിയിലേക്ക് മാറ്റാനാണ് നിർദ്ദേശം. ഇതിനായി ഉദ്യോഗസ്ഥരുടെ എല്ലാ വിവരങ്ങളും സ്വകാര്യ ബാങ്കിന് നൽകാൻ ഡിജിപി അറിയിപ്പ് നൽകി.
മൊബൈലിൽ ലഭിക്കുന്ന ലിങ്ക് വഴിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ കൈമാറേണ്ടത്. എന്നാൽ എച്ച്ഡിഎഫ്‌സി ബാങ്ക് കരാർ നൽകിയിരിക്കുന്ന ദില്ലി സഫ്ദർജംഗ് ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. ഈ നീക്കം ഭാവിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവെച്ചു.
Post Your Comments