തിരുവനന്തപുരം: കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണ്‍ കാരണം സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം ഒറ്റക്കെട്ടായി ഈയൊരു തരംഗത്തേയും അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്നത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
‘ഇപ്പോള്‍ നമ്മള്‍ മൂന്നാം തരംഗത്തിലാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്ട്രാറ്റജിയല്ല മൂന്നാം തരംഗത്തിലുള്ളത്. ഒന്നാം തരംഗത്തില്‍ കോവിഡ് വാക്സിനേഷന്‍ ഇല്ലായിരുന്നു. രണ്ടാം തരംഗത്തില്‍ വാക്സിനേഷന്‍ വളരെ കുറവായിരുന്നു. എന്നാല്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേക യജ്ഞം സംഘടിപ്പിച്ചു’.
‘ഇപ്പോള്‍ സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ആദ്യഡോസ് വാക്സിനേഷന്‍ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്സിനേഷന്‍ 84 ശതമാനമാണ്. കുട്ടികളുടെ വാക്സിനേഷന്‍ 70 ശതമാനമാണ്. കരുതല്‍ ഡോസ് വാക്സിനേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ അടച്ചുപൂട്ടലിന് പ്രസക്തിയില്ല ‘, മന്ത്രി വ്യക്തമാക്കി.
Post Your Comments