മോസ്കോ: ഉക്രൈൻ അതിർത്തിക്കു സമീപം ബ്ലഡ്ബാങ്കുകളെത്തിച്ച് റഷ്യ. പെട്ടെന്ന് ഒരു കാഷ്വാലിറ്റി ഉണ്ടായാൽ ചികിൽസിക്കാൻ ആവശ്യമായ മെഡിക്കൽ സാമഗ്രികളും റഷ്യ ഉക്രൈൻ അതിർത്തിക്ക് സമീപം എത്തിച്ചിട്ടുണ്ട്. യുദ്ധം ആസന്നമെന്ന സൂചനകളാണ് ഇവയെല്ലാം നൽകുന്നത്. മൂന്ന് അമേരിക്കൻ ഉന്നത തല ഉദ്യോഗസ്ഥർ അന്താരാഷ്ട്ര വാർത്താ മാധ്യമമായ റോയിട്ടേഴ്‌സിനോടാണ് ഈ കാര്യം പറഞ്ഞത്.
ഒരു ലക്ഷത്തിലധികം സൈനിക ട്രൂപ്പുകളെയാണ് റഷ്യ ഉക്രൈൻ അതിർത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്നത് എന്നും ഉക്രൈൻ അതിർത്തികളിൽ അധിനിവേശം നടത്തുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ഒട്ടും പ്രതീക്ഷിക്കാത്തപ്പോഴായിരിക്കും റഷ്യയുടെ ആക്രമണം എന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ റഷ്യയ്ക്ക് ഉക്രെയ്നിനെതിരെ ഒരു പുതിയ ആക്രമണം നടത്താൻ കഴിയുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നേരത്തെ രംഗത്ത് വന്നിരുന്നു.
അനാവശ്യ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനാണ് മെഡിക്കൽ സാമഗ്രികൾ ഉക്രൈൻ അതിർത്തിയ്ക്ക് സമീപം എത്തിച്ചതെന്ന് നേരത്തെ പെന്റഗൺ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, അതിർത്തിയിൽ ബ്ലഡ് ബാങ്കുകൾ കൂടെ എത്തിച്ചതോടെ പുതിയ ആക്രമണം നടത്താനുള്ള നീക്കമാണോ റഷ്യയുടേത് എന്ന ആശങ്കകൾ ഉയരുന്നുണ്ട്.
Post Your Comments