ലണ്ടൻ: ഉക്രൈനെതിരെ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ ഏത് വിധേനയും ചെറുക്കാനൊരുങ്ങി ബ്രിട്ടനും. നേരിട്ട് റഷ്യയെ ചെറുക്കുന്നതിന് പകരം നാറ്റോ സഖ്യത്തിന് സൈനിക പിന്തുണ പ്രഖ്യാപിക്കാനാണ് യു.കെ തീരുമാനിച്ചിട്ടുള്ളത്. നേരത്തെ സമാന നിലപാടുമായി അമേരിക്കയും രംഗത്തു വന്നിരുന്നു.
റഷ്യൻവിരുദ്ധ നാറ്റോ സഖ്യത്തിന് കരുത്ത് പകരാനായി ഫൈറ്റർ ജെറ്റുകളും യുദ്ധകപ്പലുകളുമാണ് യു.കെ നൽകാൻ തീരുമാനിച്ചിട്ടുള്ളത്. നാറ്റോയ്‌ക്ക് പ്രതിരോധ സഹായം നൽകുന്നുവെന്ന കാര്യം പുറത്തു വിട്ടത് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെയാണ്. നാറ്റോയ്‌ക്ക് നൽകുന്ന സഹായം ഇരട്ടിയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും എസ്‌റ്റോണിയ കേന്ദ്രീകരിച്ചിരിക്കുന്ന നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ശക്തിയാണ് വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻവിരുദ്ധ നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താൻ ഇനിയും പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്നും ബോറിസ് ജോൺസൻ അറിയിച്ചിട്ടുണ്ട്. റഷ്യക്കെതിരെ നീങ്ങുന്നത് ഉക്രൈനെന്ന സുഹൃദ് രാജ്യത്തിന്റെ രക്ഷയ്‌ക്ക് വേണ്ടി മാത്രമല്ലെന്നും, മേഖലയിൽ റഷ്യ തീർത്തിരിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാനുമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments