കോഴിക്കോട്: ആഡംബര ബൈക്കിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറിലാണ് യുവാക്കൾ മയക്കുമരുന്ന് സൂക്ഷിച്ചത്. മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് താലൂക്കിൽ ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരുടെ കൈയിൽ നിന്ന് 55 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്സൈസ് ഇന്റലിജൻസും കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. കെ.എൽ 11 ബി.പി 0508 എന്ന നമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് യുവാക്കൾ മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചത്. ഉത്തരകേരളത്തിൽ ഈ വർഷം നടത്തിയ ഏറ്റവും വലിയ സിന്തറ്റിക്ക് മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ് വ്യക്തമാക്കി.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, മലപ്പുറം ഐ.ബി ഇൻസ്‌പെക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പിവെന്റിവ് ഓഫിസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫിസിലെ പിവെന്റിവ് ഓഫിസർ ഇ.പി വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഡി.എസ് ദിലീപ് കുമാർ, മുഹമ്മദ് അബ്ദുൾ റൗഫ്, പി.കെ സതീഷ്, എം.ഒ രജിൻ എന്നിവർ ചേർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവർ മുൻപും ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
Post Your Comments