ഒരു മുസ്ലീം എന്തെങ്കിലും ഒരു കുറ്റകൃത്യം ചെയ്താൽ അല്ലെങ്കിൽ അയാളോട് എന്തെങ്കിലും രാഷ്ട്രീയാഭിപ്രായ വ്യത്യാസം ഉണ്ടായാൽ അയാളെ ഉടൻ മുസ്ലീം തീവ്രവാദിയാക്കുകയും സ്ത്രീയെയാണെങ്കിൽ സ്ത്രീവിരുദ്ധത ആയുധമാക്കി തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുബോധത്തെ ചൂണ്ടികാണിച്ചു സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീജയുടെ പ്രതികരണം.
കുറിപ്പ് പൂർണ്ണ രൂപം
ഒരു മുസ്ലീം എന്തെങ്കിലും ഒരു കുറ്റകൃത്യം ചെയ്താൽ അല്ലെങ്കിൽ അയാളോട് എന്തെങ്കിലും രാഷ്ട്രീയാഭിപ്രായ വ്യത്യാസം ഉണ്ടായാൽ ഓടിപോയി അയാളെ മുസ്ലീം തീവ്രവാദിയാക്കി ചിത്രീകരിക്കുന്ന, അങ്ങേയറ്റം അപകടകരമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുക …. ഈ അധിക്ഷേപം നടത്തുന്നത് ഒരു സ്ത്രീയാണെങ്കിൽ അധിക്ഷേപത്തിനിരയാകുന്ന വ്യക്തി ഏതൊരു രാഷ്ട്രീയ മര്യാദയും പാലിക്കാതെ ആ സ്ത്രീക്ക് നേരെ സ്ത്രീവിരുദ്ധത ആയുധമാക്കി പോസ്റ്റുകൾ ചമയ്ക്കുക …. ലൈംഗിക ദാരിദ്ര്യം മൂത്ത മലയാളി ആൺ കൂട്ടങ്ങൾക്ക് പിന്നെ ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ചാകരയാണ് …സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് അവറ്റകൾ ലൈംഗികാധിക്ഷേപത്തിലൂടെ രതിമൂർച്ഛ അനുഭവിക്കും.
ഇത് രണ്ടും ഒരുപോലെ അപകടം എന്ന് ഞാൻ വിലയിരുത്തുന്നു …. മുസ്ലീം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ് …. ഒന്നിനെ എതിർക്കാൻ മറ്റൊന്നിനെ ടൂൾ ആക്കരുത്
ഒരു രാഷ്ട്രീയ വിഷയത്തെ അല്ലെങ്കിൽ ഒരു വ്യക്തിയുടെ രാഷ്ട്രീയ നിലപാടിനെ മുസ്ലീം വിരുദ്ധത കൊണ്ടും സ്ത്രീ വിരുദ്ധത കൊണ്ടും മാത്രമേ നിങ്ങൾക്ക് സമീപിക്കാൻ കഴിയുന്നുള്ളൂ എങ്കിൽ നിങ്ങളുടെയൊക്കെ രാഷ്ട്രീയ ബോധം എത്ര മാത്രം അധഃപതിച്ചതായിരിക്കും ….
എന്നെ അങ്ങനെ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങനെ തിരിച്ചു പറഞ്ഞത് എന്ന മറുപടി നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം തെളിയിക്കുന്നതാണ് … സ്വന്തം നേർക്കുയരുന്ന രാഷ്ട്രീയ അധിക്ഷേപങ്ങളെ സ്വന്തം രാഷ്ട്രീയാദർശങ്ങൾ റദ്ദ് ചെയ്യാതെ നേരിടാൻ കഴിയുന്നിടത്താണ് ഒരാളുടെ രാഷ്ട്രീയത്തിന്റെ മഹത്വം …. അല്ലാതെ മറ്റുള്ളവർക്ക് പൊളിറ്റിക്കൽ കറക്റ്റനസിന്റെ ക്ലാസ് എടുത്ത് കൊടുക്കുന്നതിലല്ല …
Post Your Comments