തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 22.8 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നാഷണൽ ഇൻഫർമാറ്റിക്ക് സെന്ററും (എൻ.ഐ.സി) സ്റ്റേറ്റ് ഐ.ടി മിഷനും റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി. സാങ്കേതികവും നെറ്റ്‌വർക്ക് സംബന്ധവുമായ പരാതികൾ റിപ്പോർട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ദുർബലമായ നെറ്റ്‌വർക്ക് കവറേജ് കാരണം ചില റേഷൻ കടകളിൽ ഇ-പോസ് മെഷീന് വേഗത കുറവ് അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റേഷൻകട സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മികച്ച കവറേജ് ലഭിക്കുന്ന സിം കാർഡുകൾ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ നെറ്റ്വർക്ക് വേഗത കൂടിയതായി ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഇ-പോസ് മെഷീനിൽ ഉപയോഗിക്കുന്ന സിം കാർഡുകളുടെ പരിശോധന നടത്തി കവറേജ് മികച്ചതാണെന്ന് ഉറപ്പ് വരുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി’ മന്ത്രി അറിയിച്ചു.
‘ശനിയാഴ്ച സംസ്ഥാനത്ത് 8,34,672 കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റി. ഈ മാസം 29 വരെ 77.71 ശതമാനം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം 70 ശതമാനം പേർ മാത്രമായിരുന്നു 29 വരെയുള്ള കണക്കനുസരിച്ച് റേഷൻ കൈപ്പറ്റിയിരുന്നത്. ഈ മാസത്തെ റേഷൻ വിഹിതം എല്ലാ കാർഡുടമകളും തിങ്കളാഴ്ചയോടെ വാങ്ങണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഒമിക്രോണിന്റെ വകഭേദം ബിഎ-2വിനെ ശ്രദ്ധിക്കുക, ഏറ്റവും കൂടുതല്‍ വ്യാപന ശേഷി
Post Your Comments