തിരുവനന്തപുരം: തീരാകടത്തിന്റെ ചുഴിയിൽപ്പെട്ട് അവസാന കച്ചിത്തുരുമ്പ് തേടുന്ന കെഎസ്ആർടിസിയിൽ ഏതാനും പരിഷ്‌കാരങ്ങൾ കൊണ്ടുവന്നാൽ വൻ തുക വാർഷികലാഭം ഉണ്ടാകുമെന്ന് പഠനറിപ്പോർട്ട്. ഹരിത ഇന്ധനത്തിലേക്ക് ചുവടുമാറ്റിയും ശാസ്ത്രീയമായ ഡ്രൈവിംഗ് സംസ്കാരം പരിശീലിച്ചും പ്രവർത്തനനഷ്ടം വലിയ തോതിൽ കുറയ്ക്കാം എന്നാണ് സംസ്ഥാന ആസൂത്രണ ബോർഡും എനർജി മാനേജ്‌മെന്റ് സെന്ററും നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
Also Read: രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഇലക്ട്രിക് വാഹനങ്ങളിലൂടെയും, സി.എൻ.ജി ഇന്ധന ഉപഭോഗത്തിലൂടെയും ഡ്രൈവിംഗ് രീതികൾ പരിഷ്കരിച്ചും കെഎസ്ആർടിസിക്ക് 378.85 കോടി രൂപയുടെ വാർഷികലാഭം നേടാനാകുമെന്ന് പഠനം പറയുന്നു. പാരീസ് കാലാവസ്ഥ ഉച്ചകോടി കരാർ പ്രകാരം ഊർജ്ജ ഉപഭോഗം കാരണമുള്ള കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ പഠനം നടന്നത്.
കെഎസ്ആർടിസി ഹരിത ഇന്ധനത്തിലേക്ക് മാറുന്നതോടെ 47,438 ടൺ കാർബൺ ബഹിർഗമനം കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 124.35 കോടി രൂപയുടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് കെഎസ്ആർടിസിക്ക് ഏകദേശം 19,125 ടൺ ഇന്ധനം ലാഭിക്കാമെന്നും ഗവേഷണ വിദഗ്ദർ കണ്ടെത്തി. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുത്ത ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.
Post Your Comments