Latest NewsKeralaNews

കോടതിയുടെ അനുമതിയില്ലാതെ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങൾ പ്രചരിപ്പിച്ചു: നികേഷ് കുമാറിനെതിരെ കേസെടുത്ത് പൊലീസ്

വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ നികേഷും ചാനലും പ്രസിദ്ധീകരിച്ചു എന്ന പോലീസ് വ്യക്തമാക്കുന്നു.

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറിനെതിരെ കേസെടുത്ത് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടൻ ദിലീപ് ക്വട്ടേഷൻ നൽകി എന്ന ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് ദിലീപിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രീതിയിലാണ് റിപ്പോർട്ടർ ചാനൽ വാർത്ത നൽകുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു.

ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ദിലീപിന്റെ ഹരജിയില്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നികേഷിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ ആണ് റിപ്പോ‌ർട്ടർ ചാനൽ/എം.ഡി എം.വി. നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തത്. കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന് ചാനൽ ചർച്ച നടത്തുകയും അത്​ യൂട്യൂബ്​ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ്​ എഫ്.ഐ.ആറിൽ പറയുന്നത്​. ഐ.പി.സി സെക്ഷൻ 228 A (3) പ്രകാരമാണ്​ കേസ്.

വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ നികേഷും ചാനലും പ്രസിദ്ധീകരിച്ചു എന്ന പോലീസ് വ്യക്തമാക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ബാലചന്ദ്ര കുമാർ പുതിയ ആരോപണങ്ങളുമായി രംഗ പ്രവേശനം ചെയ്തത് ഈ ചാനലിലൂടെയായിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ മാധ്യമ വിചാരണയ്‌ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button