![](/wp-content/uploads/2022/07/untitled-37-1.jpg)
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ് കുമാര്‍. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോയെന്ന് നികേഷ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചർച്ചയ്ക്ക് വേണ്ട സമയവും തീയതിയും ശ്രീലേഖയ്ക്ക് തന്നെ തീരുമാനിക്കാമെന്നും നികേഷ് പറയുന്നുണ്ട്.
‘ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍, ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും’, നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്. ശ്രീലേഖ നടത്തിയത്. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു.
ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന് തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖ യു ട്യൂബ് വെളിപ്പെടുത്തൽ ദൃശ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നു . ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം ? നിങ്ങൾ പറയുന്ന സ്ഥലം , സമയം തീയതി . പറയുന്നത് മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യും . ടിവിയിലും സോഷ്യൽ മീഡിയയിലും
— M V Nikesh Kumar (@mvnikeshkumar) July 11, 2022
Post Your Comments