ബെയ്ജിങ്: 2022 ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പങ്കെടുക്കും. കഴിഞ്ഞ ദിവസം ചൈനയാണ് ഇക്കാര്യം അറിയിച്ചത്. വ്ലാഡിമിർ പുടിനെ കൂടാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മധ്യേഷ്യയിൽ നിന്നും 5 പ്രസിഡന്റുമാരും ബെയ്ജിങ്ങിൽ നടക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
സന്ദർശന വേളയിൽ ഉക്രെയ്നുമായി നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച ചെയ്യും. യൂറോപ്പിലെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരു നേതാക്കളും ധാരാളം സമയം ചെലവഴിക്കുമെന്ന് വ്യക്തമാക്കി ക്രംലിൻ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തുവന്നിരുന്നു. കൂടാതെ, കൂടിക്കാഴ്ചയിൽ യൂറോപ്പിലെ സുരക്ഷയും, അമേരിക്കയോടും നാറ്റോയോടും റഷ്യ സ്വീകരിക്കുന്ന നിലപാടും മറ്റ് പ്രാദേശിക പ്രശ്‌നങ്ങളും ചർച്ചയിലെ വിഷയങ്ങളാകുമെന്ന് പെസ്‌കോവ് കൂട്ടിച്ചേർത്തു.
റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന, ഉക്രൈൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ ഇതുവരെ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, നാറ്റോയുടെ സുരക്ഷയെ സംബന്ധിച്ച റഷ്യയുടെ ആശങ്കകൾ പരിഹരിക്കാൻ വ്യാഴാഴ്ച ചൈന യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയ്ക്ക് ചൈന ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ പ്രസ്താവന.
ഫെബ്രുവരി 4ന് ബെയ്ജിങ്ങിൽ നടക്കാൻ പോകുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പുടിനെ കൂടാതെ രണ്ട് ഡസനോളം ലോകനേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments