ദില്ലി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി. അനന്ത നാഗേശ്വർ ചുമതലയേറ്റു. ബജറ്റിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്രം ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വറിനെ സുപ്രധാന പദവിയിലേക്ക് നിയമിച്ചത്. ക്രെഡിറ്റ് ന്യൂസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയർ ഗ്രൂപ്പിന്റെയും എക്സിക്യൂട്ടീവായി ഡോ. വെങ്കിട്ടരാമൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2019 മുതൽ 2021 വരെ ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വർ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ പാർട്ട് ടൈം അംഗം ആയിരുന്നു. എഴുത്തുകാരൻ, അധ്യാപകൻ, കൺസൾട്ടന്റ് എന്നീ നിലകളിൽ ഡോ. വെങ്കിട്ടരാമൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വർ 1985 ൽ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും, 1994 ൽ മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദവും നേടി. സ്വിറ്റ്സർലൻഡിലെയും സിംഗപ്പൂരിലെയും അനേകം സ്വകാര്യ വെൽത്ത് മാനേജ്മെന്റ് സ്ഥാപനങ്ങൾക്കായി മാക്രോ ഇക്കണോമിക്, ക്യാപിറ്റൽ മാർക്കറ്റ് എന്നീ മേഖലകളിൽ ഡോ. വെങ്കിട്ടരാമൻ നിരവധി ഗവേഷണങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Post Your Comments