തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ സാമൂഹിക അടുക്കളകൾ പ്രവർത്തനം ആരംഭിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിൽ ആയിരുന്നു തീരുമാനം. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും, ആവശ്യമെങ്കിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലൻസ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകർമ്മ സേനയുടെ സേവനം ഊർജ്ജിതപ്പെടുത്തും.
Also read: മദ്യപിച്ച് ആംബുലൻസിലേക്ക് കാറിടിച്ച് കയറ്റി പോലീസുകാരൻ, കേസ് ആംബുലൻസ് ഡ്രൈവർക്കെതിരെ
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കൊവിഡ് പ്രതിരോധ സേവനങ്ങൾ ഊർജ്ജിതമാക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിൽ രോഗികൾക്ക് ഭക്ഷണം എത്തിക്കാനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകൾ പ്രവർത്തിച്ചിരുന്നു. പിന്നീട് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അടുക്കളകൾ അടയ്ക്കുകയായിരുന്നു.
അതേസമയം എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. അമ്പത് ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി പ്രത്യേകം മാറ്റി വെക്കണമെന്നാണ് ഭരണകൂടത്തിന്റെ ആവശ്യം. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് ജില്ലയിലെ നാല് താലൂക്ക് ആശുപത്രികൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കാനും നടപടികൾ ആരംഭിച്ചു.
Post Your Comments