KeralaLatest NewsIndiaNews

‘ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എവിടെ പോയി’: ബിഷപ്പ് തോമസ്

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റ വിടെ നസീർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധിയിൽ ചർച്ചകളോ വിമർശനങ്ങളോ ഉന്നയിക്കാത്ത സാംസ്കാരിക നായകർക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭയ്ക്ക് കീഴിലെ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ രംഗത്ത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ മിണ്ടാത്തത് എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റ വിടെ നസീർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട സംഭവം ചൂണ്ടിക്കാട്ടി കൊണ്ടാണ് ബിഷപ്പ് തോമസ് തറയിൽ വിമർശനം ഉന്നയിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോൾ നിരവധിപേരാണ് കോടതിവിധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്തുവന്നത്. എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു തീവ്രവാദ കേസിലെ പ്രതിയെ വെറുതെ വിടുമ്പോൾ ജഡ്ജിമാരെ വിമർശിച്ചിട്ടില്ലെന്നും ഒരു ചർച്ചയും ആരും നടത്തിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു. ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!

shortlink

Post Your Comments


Back to top button