ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ കാര്യത്തിൽ ബിജെപി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ശ്രദ്ധ പുലർത്തുന്നില്ലെന്ന് ക്ഷേത്ര പുരോഹിതൻ മഹന്ത് സത്യേന്ദ്ര ദാസ്. അയോദ്ധ്യയുടെ വികസനത്തിന് വേണ്ടി എല്ലാവരും വാതോരാതെ സംസാരിക്കും എന്നല്ലാതെ ഒന്നും പ്രാവർത്തികമാക്കാൻ പാർട്ടികൾക്ക് സാധിച്ചിട്ടില്ലെന്ന് ശ്രീരാമ ക്ഷേത്രം വർഷങ്ങളായി പരിപാലിക്കുന്ന പുരോഹിതൻ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമാണ് ഇടയ്ക്കിടെ ക്ഷേത്രത്തിൽ എത്തുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്യുന്നത്. അഞ്ച് വർഷത്തിനിടെ 40 ഓളം തവണ യോഗി ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം കൂടുതൽ പ്രാവശ്യവും ഇവിടെ എത്തിയത്. മറ്റൊരു മുഖ്യമന്ത്രിയും ഇതുപോലെ അയോദ്ധ്യ സന്ദർശിച്ചിട്ടില്ല. നേരത്തെ ഭരണത്തിലുണ്ടായിരുന്ന സർക്കാർ എല്ലാം വാക്കുകളിൽ ഒതുക്കുകയാണ് ചെയ്തത് എന്നും പുരോഹിതൻ വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയം കളിക്കുകയല്ലാതെ ആരും അയോദ്ധ്യയിലെത്തുകയോ പ്രാർത്ഥന നടത്തുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തിൽ സമാജ്വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും, കോൺഗ്രസും എല്ലാം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോദ്ധ്യയിൽ നിരവധി തവണ എത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ശിലാന്യാസം നിർവ്വഹിച്ചതും അദ്ദേഹമാണ്. അയോദ്ധ്യ തീർത്ഥ് ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും മോദി നേരിട്ട് വിലയിരുത്തി.
ട്രസ്റ്റ് അംഗങ്ങൾ വിശ്വാസവും അർപ്പണ ബോധവും ഉള്ളവരാണെന്നും ബിജെപി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 1992 മാർച്ച് 5 നാണ് സത്യേന്ദ്ര ദാസിനെ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതനായി നിയമിച്ചത്. അന്ന് മുതൽ ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അദ്ദേഹമാണ്. പുരോഹിതനായത് മുതൽ അദ്ദേഹത്തിന്റെ വരുമാനം 100 രൂപയായിരുന്നു. തുടർന്ന് 25 വർഷത്തിന് ശേഷം 2017 ൽ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷമാണ് ശമ്പളം 13,000 ആക്കി വർദ്ധിപ്പിച്ചത്.
Post Your Comments