![](/wp-content/uploads/2022/01/sans-titre-3-11.jpg)
നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാനൽ ചർച്ചകളിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും നൽകിയ പുതിയ പേരാണ് ‘ദിലീപ് അനുകൂലി’ എന്നത്. ഈ പുതിയ പട്ടം രാഹുൽ ഈശ്വറിന് നേരെ പരിഹാസ സ്വരങ്ങൾ ഉയരാൻ കാരണമായി. എന്നാൽ, ‘എന്നെ ദിലീപ് അനുകൂലി എന്നെഴുതിയില്ലേ? നിരീക്ഷകന്‍ എന്ന് കൊടുക്കാമായിരുന്നല്ലോ’ എന്നായിരുന്നു ഇതിനു അദ്ദേഹം നൽകിയ മറുപടി. ഒപ്പം, താൻ എങ്ങനെയാണ് ദിലീപ് അനുകൂലിയായത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദിലീപ് അനുകൂലി ആയതെങ്ങനെ എന്ന ചോദ്യത്തിന് രാഹുൽ ഈശ്വർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ശശി തരൂരിനെയും ആര്യൻ ഖാനെയും റിയ ചക്രവർത്തിയേയുമാണ്. ചെയ്യാത്ത കുറ്റത്തിന് ‘ആരോപണ’ങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടവരെയും വേട്ടയാടപ്പെട്ടവരെയുമാണ് രാഹുൽ ഈശ്വർ മുന്നോട്ട് വെയ്ക്കുന്നത്.
‘ശശി തരൂരിനെ സ്വന്തം ഭാര്യയെ കൊന്നവനാണ് എന്ന് പറഞ്ഞ് എത്ര കാലം വേട്ടയാടി? അദ്ദേഹത്തെ ഏറ്റവും മോശമായ ഭാഷയിലായിരുന്നു മാധ്യങ്ങൾ ആക്രമിച്ചത്. അന്നും എനിക്ക് ശശി തരൂരിന് വേണ്ടി വാദിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും ഇല്ലാതിരുന്ന സമയത്ത് ഞാൻ തരൂരിന് വേണ്ടി നിലയുറപ്പിച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകൻ, അദ്ദേഹത്തിന്റെ മകന്റെ സുഹൃത്ത് സോക്സിന്റെ ഇടയിൽ നാല് ഗ്രാം കഞ്ചാവ് വെച്ചു എന്ന കേസിൽ ഇന്ത്യയുടെ ഡ്രഗ് മാഫിയയുടെ തലവനാണ് എന്ന് പറഞ്ഞ് ആര്യൻ ഖാനെ സമീർ വാങ്കഡെ ജയിലിലടച്ചത് 26 ദിവസം ആണ്. സുശാന്ത് സിങ് ആത്മഹത്യ ചെയ്ത കേസിൽ റിയാ ചക്രവർത്തി 20 ലധികം ദിവസമാണ് ജയിലിൽ കഴിഞ്ഞത്’, രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടുന്നു.
Also Read:തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ ആക്രമിച്ചു : സഹപ്രവര്‍ത്തകനെതിരെ കേസ്
പോലീസിന്റെ ചില താല്പര്യങ്ങളാണ് ഇതുപോലെയുള്ള കേസുകളിൽ സംഭവിക്കുന്നത്. ക്രിമിനൽ ആയ പൾസർ സുനിയെ ‘വിക്ടിം’ അഥവാ ‘ഇര’ എന്ന് വിളിക്കുന്ന ഒരു കൂട്ടവും ഇവിടെയുണ്ട്. സംഭവം നടന്ന് 1500 ദിവസങ്ങൾ കഴിഞ്ഞ ശേഷം പൾസർ സുനിയുടെ അമ്മയെ സാക്ഷിയാക്കണമെന്ന പോലീസിന്റെ ആവശ്യത്തിന് പിന്നിലെ ഉദ്ദേശം സുനി പറയുന്ന വാദങ്ങൾക്ക് ബലം കൂട്ടുക എന്നതാണെന്ന് പകൽ പോലെ വ്യക്തമാണ്. രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടുന്നതും അതുതന്നെ.
ദിലീപിനെ എങ്ങനെയെങ്കിലും വളച്ച് കുടുക്കണം എന്നതാണ് ഇവരുടെയെല്ലാം ഉദ്ദേശമെന്ന് ബാലചന്ദ്രകുമാറിന്റെയും പൾസർ സുനിയുടെ അമ്മയുടെയും ‘വെളിപ്പെടുത്തലുകളിലൂടെ’ വ്യക്തമാണെന്ന് രാഹുൽ നിരീക്ഷിക്കുന്നു. ഒരു കേസിൽ കുറ്റാരോപിതനായ വ്യക്തി കുറ്റക്കാരൻ ആകുന്നത് കോടതി വിധി വന്ന ശേഷം മാത്രമാണ്. എന്നാൽ, ഇരയ്ക്ക് നീതി കിട്ടണമെങ്കിൽ ദിലീപ് കുടുങ്ങണം എന്ന് വരുത്തിത്തീർക്കുന്നു. ദിലീപിനെ കുടുക്കിയാൽ മാത്രമേ ഇരയ്ക്ക് നീതി കിട്ടുകയുള്ളു എന്ന തെറ്റിദ്ധാരണയാണ് ഇപ്പോൾ പരത്തുന്നത് എന്ന് വ്യക്തം. ഇത്തരം പ്ലാനിംഗിന് പിന്നിൽ പല കാരണങ്ങളുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു. അവതാരകന്റെ പക്ഷപാതപരമായ ഇടപെടൽ തടസ്സപ്പെടുത്തുമ്പോഴും രാഹുൽ ഈശ്വർ തന്റെ നിലപാട് സമർത്ഥമായി വിശദീകരിക്കുകയാണ്.
ദിലീപിനൊപ്പം നിൽക്കാനുള്ള കാരണമായി രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടുന്നത് ശക്തമായ മൂന്ന് വസ്തുതകളാണ്.
1. ദിലീപ് കുറ്റാരോപിതനാണ്. കുറ്റം തെളിയുന്നത് വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്.
2. ദിലീപിനെതിരെ പോലീസിന്റെ നീക്കമാണ് എന്ന് ആർക്കും തോന്നുന്ന രീതിയിൽ പോലീസ് ദുർബലമായ വാദങ്ങൾ ഉന്നയിക്കുന്നു. പ്രോസിക്യൂഷൻ നാടകം നടത്തുന്നു. ജഡ്ജിയെ മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നു. രാജി നാടകങ്ങൾ നടത്തുന്നു.
3. ശശി തരൂരിനെ വേട്ടയാടിയത് പോലെ ദിലീപിനെ വേട്ടയാടുകയാണ് എന്ന് ആർക്കും മനസിലാകും.
അതേസമയം, കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് നീങ്ങുന്നത്. മുൻപ് ദിലീപ് ആണ് ക്വട്ടേഷൻ നൽകിയത് എന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി വെളിപ്പെടുത്തിയപ്പോൾ പോലീസ് നീങ്ങിയ അതെ നീക്കം തന്നെയാണ് ഇപ്പോഴുമുള്ളത്. രാഹുൽ ഈശ്വർ പറഞ്ഞത് പോലെ ഇതിനു പിന്നിൽ പോലീസിന്റെയോ പ്രോസിക്യൂഷന്റെയോ ഈഗോയോ ഗൂഢലക്ഷ്യങ്ങളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് ദിലീപ് ആരാധകർ.
Post Your Comments