തിരുവനന്തപുരം: നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് വെളിപ്പെടുത്തി കെ സുധാകരൻ രംഗത്ത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിന് ഗുരുദേവനുള്‍പ്പെടെയുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പങ്ക് വെളിച്ചത്തിലേക്കെത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
‘റിപ്പബ്ലിക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രമാണുണ്ടായിരുന്നത് എന്നാണറിയുന്നത്. നിര്‍മാണത്തിലെ അപാകതകളുടെ പേരില്‍ അതിനു അനുമതി നിഷേധിക്കപ്പെട്ടു. എന്നാല്‍ അതേ ദൃശ്യത്തില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താതെ ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും കൂടെ ഉള്‍പ്പെടുത്തി വീണ്ടും അയച്ചെങ്കിലും തിരസ്‌ക്കരിക്കുകയായിരുന്നു. ദൃശ്യം ഒഴിവാക്കപ്പെട്ടതിന്റെ അപമാനം ശ്രീനാരായണ ഗുരുവിന് കൂടി ലഭിക്കാന്‍ കാരണമായ സി പി എം നടപടി പ്രതിഷേധാര്‍ഹമാണ്. ഇതോടൊപ്പം ഗുരുദേവന്റെയും ഗുരുദേവ ദര്‍ശനങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ദൃശ്യത്തിന് അനുമതി നിഷേധിച്ച ബി ജെ പി ഭരണകൂടത്തിന്റെ നടപടിയും അപലപനീയമാണ്’, സുധാകരൻ എം പി പറഞ്ഞു.
‘ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിന് ഗുരുദേവനുള്‍പ്പെടെയുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പങ്ക് വെളിച്ചത്തിലേക്കെത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ സൃഷ്ടാവ് നമ്പൂതിരിപ്പാടാണെന്ന കള്ളം പ്രചരിപ്പിക്കുന്നവരെ ഗുരുദേവനും അയ്യങ്കാളിയും എന്നും അസ്വസ്ഥരാക്കിയിട്ടുണ്ട്’, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments