ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ യുവാവിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഇക്കാര്യം പുറത്തുവിട്ടത് കേന്ദ്ര നിയമ വകുപ്പ് മന്ത്രി കിരൺ റിജിജു ആണ്. ജനുവരി 18- നാണ് അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലുള്ള ജിഡോ ഗ്രാമനിവാസിയായ മിറാം തരോൺ എന്ന 19-കാരനെ കാണാതായത്.
അരുണാചൽപ്രദേശിൽ നിന്നും കാണാതായ യുവാവിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ സൈന്യത്തിന് കൈമാറിയ വിവരം കേന്ദ്ര നിയമ വകുപ്പ് മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ അതിർത്തിയിൽ അരുണാചൽ പ്രദേശ് നിവാസിയായ ഒരു യുവാവിനെ കണ്ടെത്തിയതായി ജനുവരി 20ന് പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ സൈന്യത്തെ അറിയിച്ചിരുന്നു.
യുവാവിന്റെ വ്യക്തിവിവരങ്ങളും ചിത്രവും ഇന്ത്യൻ സൈന്യം പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്ക് കൈമാറിയിരുന്നു എന്നും വിശദമായ വിലയിരുത്തലിനു ശേഷമാണ് യുവാവിനെ വിട്ടുനൽകിയത് എന്നും കേന്ദ്ര നിയമ വകുപ്പ് മന്ത്രി വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്നും ഒരു യുവാവിനെ കാണാതായിട്ടുണ്ട് എന്ന് ഇന്ത്യൻ സൈന്യം വിവരം നൽകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് പീപ്പിൾസ് ലിബറേഷൻ ആർമി യുവാവിനെ കണ്ടെത്തിയത്.
Post Your Comments