റായ്പൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചുദിവസമായി കുറച്ചെന്ന് ഛത്തീസ്ഗഡ് സർക്കാർ. ഇതോടൊപ്പം തന്നെ, മറ്റു പല നിർണായക പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നടത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പെൻഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാറിന്റെ വിഹിതം 10 ശതമാനത്തിൽ നിന്നും 14 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് ഭൂപേഷ് ട്വീറ്റ് ചെയ്തു. റസിഡൻഷ്യൽ ഏരിയകളിൽ നടത്തുന്ന ചെറുകിട വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുന്ന നിയമനിർമ്മാണം കൊണ്ടു വരുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തുടനീളം ഗതാഗത സൗകര്യ കേന്ദ്രങ്ങൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലേണിങ് ഡ്രൈവേഴ്സ് ലൈസൻസ് നൽകുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി എല്ലാ ജില്ലകളിലും വനിതാ സുരക്ഷാ സെല്ലുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിതം വനമേഖലയെ ആശ്രയിച്ചിരിക്കുന്നതിനാൽ അവർക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
Post Your Comments