ഇടതു പക്ഷത്തെ പരിഹസിച്ചു ആർഎസ് പി നേതാവ് ഷിബു ബേബി ജോൺ. സിപിഎം നാട് ഭരിയ്ക്കുമ്പോൾ എന്തിനാണ് വിജിലൻസും സിഎജിയും ലോകായുക്തയുമൊക്കെ? നിങ്ങൾ പറയുന്ന അഴിമതികളെയൊന്നും സിപിഎം അഴിമതിയായി കണക്കാക്കാറില്ലെന്നും സമൂഹമാധ്യമത്തിലൂടെ ഷിബു ബേബി ജോൺ പരിഹസിക്കുന്നു. മാർക്സിസ്റ്റ് പാർട്ടി എന്നാണ് പേരെങ്കിലും സ്റ്റാലിനിസ്റ്റ് പാർട്ടി എന്നതാണ് സത്യമെന്നും അദ്ദേഹം കുറിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
സിപിഎമ്മിന് ആകെ സമയദോഷമാണല്ലോ…
ബൂർഷ്വാ കോടതികളിൽനിന്നും ഒന്നിനുപുറകെ ഒന്നായി തിരിച്ചടികളാണല്ലോ. ഫൈനൽ ഡിപിആർ പോലും പൂർത്തിയാകാതെ പാവപ്പെട്ടവൻ്റെ ഭൂമി പിടിച്ചെടുക്കാനിറങ്ങിയ കെ റെയിൽ ഗുണ്ടായിസത്തെ കോടതി ചുരുട്ടികൂട്ടി കാട്ടിലെറിഞ്ഞു, നാട്ടുകാരെ മുഴുവൻ വീട്ടിലിരുത്തി സിപിഎമ്മുകാരെല്ലാവരും കൂടി ആഘോഷിക്കാനിറങ്ങിയപ്പോൾ കോടതി ഇടപെട്ട് സമ്മേളനവും പൂട്ടിച്ചു, ഏറ്റവുമൊടുവിൽ ഇല്ലാക്കഥകൾ പറഞ്ഞ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാറ്റിക്കാനിറങ്ങിയിട്ട് ഒടുവിൽ സ്വയംനാറി തലയിൽ മുണ്ടിടേണ്ട അവസ്ഥയായി. ഇതുകൊണ്ടാണ് ബൂർഷ്വാ കോടതിയെ സിപിഎമ്മുകാർ പണ്ടേ അംഗീകരിക്കാത്തത്. പാർട്ടി കോടതികൾ ഉള്ളപ്പോൾ എന്തിനാണ് മറ്റൊരു കോടതി എന്ന അവരുടെ ചോദ്യം ന്യായമല്ലേ. മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പോലെ ഇവിടെയും അവസാനവാക്കായി പാർട്ടി മാറണമെന്നാണ് അവരുടെ ഒരിത്.
സിപിഎം നാട് ഭരിയ്ക്കുമ്പോൾ എന്തിനാണ് വിജിലൻസും സിഎജിയും ലോകായുക്തയുമൊക്കെ? നിങ്ങൾ പറയുന്ന അഴിമതികളെയൊന്നും സിപിഎം അഴിമതിയായി കണക്കാക്കാറില്ല, പാർട്ടിക്കാർ നടത്തുന്ന പീഢനങ്ങൾ തീവ്രത കുറഞ്ഞ പീഢനങ്ങൾ ആകുന്നത് പോലെ. അതുകൊണ്ട് തന്നെ വിവരാവകാശ നിയമത്തെ ആദ്യം അങ്ങ് തകർത്തു. പിന്നെ വനിതാ കമ്മീഷൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് പാവകളെ ഇരുത്തി, വിജിലൻസും ലോകായുക്തയും തലവേദന ആയപ്പോൾ അവയേയും അങ്ങ് ഇല്ലാതാക്കി. വിജിലൻസിന് ഇപ്പോൾ സ്വമേധയാ കേസെടുക്കാനുള്ള അവകാശമില്ല. ലോകായുക്ത റിപ്പോർട്ട് തള്ളാൻ സർക്കാരിന് അവകാശം നൽകുന്ന നിയമം വരാൻ പോകുന്നു. സിഎജിയെ കിഫ്ബി കാലം മുതലേ അടുപ്പിക്കാറില്ലല്ലോ.
മാർക്സിസ്റ്റ് പാർട്ടി എന്നാണ് പേരെങ്കിലും സ്റ്റാലിനിസ്റ്റ് പാർട്ടി എന്നതാണ് സത്യം.
തങ്ങൾക്കെതിരെ ഒരു എതിർസ്വരം ഉയരുന്നത് പോലും കണ്ടുനിൽക്കാനാവില്ല. അന്യൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന പുലരിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പൊക്കെ വാട്സാപ്പ് സ്റ്റാറ്റസിൽ മാത്രമെ ഉള്ളു. ഫെയ്സ് ബുക്ക് പോസ്റ്റിൽ പോലും തങ്ങൾക്കെതിരെ മിണ്ടിയാൽ അവൻ്റെ പോസ്റ്റും കുത്തിക്കീറി നട്ടെല്ലും ചവിട്ടി ഒടിയ്ക്കും. അതിനി പാർട്ടി അനുഭാവിയായാലും ശരി. റഫീക്ക് അഹമ്മദിന് നേരെ ഉണ്ടായ ആക്രമണം കാണുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച അരിതാ ബാബുവിനെ വളഞ്ഞിട്ട് തെറിവിളിയ്ക്കുന്നതിൽ അതിശയിക്കാനുണ്ടോ? പാർട്ടി കോട്ടയായ കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിൽ ഗോവിന്ദൻ മാസ്റ്റർ ‘പൗരപ്രമുഖരു’മായി സംവദിക്കെ ഇടിച്ചുകയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർ ജീവനോടെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശമെന്നൊക്കെ റിജിൽ മാക്കുറ്റിയും കൂട്ടരും പറയുന്നത് കേട്ട് ചിരിയാണ് വന്നത്. ഇത് ആരോടാണ് ഇത് പറയുന്നത്? സ്റ്റാലിനിസം പൂർണതോതിൽ നടമാടുന്ന ഒരു പ്രസ്ഥാനത്തോട് ജനാധിപത്യത്തെ പറ്റി എന്ത് പറയാനാണ്? സ്റ്റാലിൻ്റെ കാലത്ത് ചെയ്തത് പോലെ നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പറ്റുന്നില്ല എന്ന് മാത്രം. അതിൻ്റെ വിഷമം അവർക്കുണ്ടുതാനും. പകരം സൈബർ ഇടങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തിയും ഉമ്മൻചാണ്ടിയോട് ചെയ്തത് പോലെ എതിരാളികളെ വ്യക്തിഹത്യ നടത്തിയും അവർ ആനന്ദം കണ്ടെത്തുന്നു.
റഷ്യയിൽ സ്റ്റാലിനെ സ്തുതിയ്ക്കാതെ ഒരാൾക്കും ജീവിക്കാനാകില്ലെന്ന അവസ്ഥയുണ്ടായിരുന്നു. കേരളത്തിൽ ചില സാഹിത്യകാരും സാംസ്കാരിക നായകരും കൊട്ടാരവിദൂഷകന്മാരെ പോലെ സ്തുതിപാടനത്തിൻ്റെ വക്താക്കളായി മാറുന്നത് ദയനീയകാഴ്ച്ചയാണ്. നവരസങ്ങൾക്ക് പുറമെ താൻ തന്നെ വികസിപ്പിച്ചെടുത്ത വേറെയും രസങ്ങളുണ്ടെന്ന് ജഗതി ശ്രീകുമാർ ഉദയനാണ് താരത്തിൽ പറയുന്നത് പോലെ സ്റ്റാലിനിസത്തിൻ്റെ ഇന്ത്യൻ പതിപ്പിൽ നേതാവിനെ സ്തുതിയ്ക്കുന്ന തിരുവാതിര കളി കൂടി കൂട്ടിച്ചേർത്ത് വികസിപ്പിക്കാനും പാർട്ടി പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.
Post Your Comments