KeralaNattuvarthaLatest NewsNews

എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കരുത്, 42 കോടി വരുന്ന ആളുകൾ ഇതിന്റെ ഇരകളാവും: തോമസ് ഐസക്

തിരുവനന്തപുരം: എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ഒരിക്കലും അനുകൂലിക്കരുതെന്ന താക്കീതുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ ഇരകൾ 42 കോടി വരുന്ന പോളിസി ഉടമസ്ഥരായിരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

Also Read:യോഗി ആദിത്യനാഥിന് വീണ്ടും വധ ഭീഷണി സന്ദേശം: അന്വേഷണം ആരംഭിച്ച് പോലീസ്

’49 ശതമാനം ഓഹരി വിൽക്കാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ അതിൽ 10 ശതമാനം മാത്രമേ വിൽക്കുന്നുള്ളൂ. അതായത് 10 ശതമാനം വിറ്റു കഴിഞ്ഞാൽ വീണ്ടും 29 ശതമാനം വിൽക്കാനുള്ള നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഇപ്പോൾ ശക്തിയായി എതിർത്താൽ സ്വകാര്യവൽക്കരണത്തെ പ്രതിരോധിക്കാം.
ഇന്ത്യയിലെ 42 കോടി പോളിസി ഉടമസ്ഥർ സ്വയംപ്രതിരോധിക്കുന്നതിനു മുന്നോട്ടുവന്നാൽ എൽഐസിയേയും രക്ഷിക്കാം. തങ്ങളുടെ ഭാവി താൽപ്പര്യങ്ങളെയും സംരക്ഷിക്കാം’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ ഇരകൾ 42 കോടി വരുന്ന പോളിസി ഉടമസ്ഥരായിരിക്കുമെന്ന എന്റെ വാദത്തിനെതിരെവന്ന മറുവാദങ്ങൾ മൂന്നാണ്. 10 ശതമാനം ഓഹരിയല്ലേ വിൽക്കുന്നുള്ളൂ. അതിനെ സ്വകാര്യവൽക്കരണമെന്നു വിശേഷിപ്പിക്കുന്നത് എന്തിന്? 49 ശതമാനം ഓഹരി വിൽക്കാൻ ഇപ്പോൾ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ 10 ശതമാനം എന്നു മാത്രം. ഇപ്പോൾ ശക്തിയായി എതിർത്താൽ സ്വകാര്യവൽക്കരണത്തെ പ്രതിരോധിക്കാം.

പോളിസി ഉടമസ്ഥർക്ക് ബോണസ് ഇല്ലാതാകുന്ന പ്രശ്നമില്ല. കാരണം സ്വകാര്യ കമ്പനികളും ബോണസ് നൽകുന്നുണ്ട് എന്നതാണ് രണ്ടാമത്തെ വാദം. ഇതിനു ഞാൻ വളരെ വിശദമായി മറുപടി നൽകിക്കഴിഞ്ഞു. പാർട്ടിസിപ്പേറ്റിംഗ് പോളിസികൾ എൽഐസിയുടെ പ്രത്യേകതയാണ്. സ്വകാര്യ കമ്പനികൾക്ക് ഇതു വളരെ ചെറിയൊരു ശതമാനമേ വരൂ. പാശ്ചാത്യരാജ്യങ്ങളിൽ ഇല്ലായെന്നുതന്നെ പറയാം. പാർട്ടിസിപ്പേറ്റിംഗ് പോളിസികൾക്കാണ് ബോണസ് ബാധകം. സ്വകാര്യമേഖല കടന്നുവന്നപ്പോൾ തന്നെ ബോണസ് ശതമാനം 95-ൽ നിന്നും 90-ശതമാനമാക്കി കുറച്ചു. അവരുടെ മേധാവിത്വം വരുന്നതോടെ ഇത് ഇനിയും കുത്തനെ കുറയും. കാരണം ഓഹരി ഉടമസ്ഥരുടെ ലാഭം പരമാവധിയാക്കുകയാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം.

അപ്പോഴാണ് മൂന്നാമത്തെ വാദം വരുന്നത്. എൽഐസിയിൽ സ്വകാര്യ ഉടമസ്ഥർ വരുന്നതോടെ ഇൻഷ്വറൻസുകൾക്ക് ഇതുവരെ ലഭിച്ചുവന്നിരുന്ന സർക്കാർ ഗ്യാരണ്ടി ഇല്ലാതാകും. ഇത് പോളിസി ഉടമകളുടെ ഇന്നുള്ള സുരക്ഷ ഇല്ലാതാക്കും. ഇതിനുള്ള മറുവാദം കമന്റ് ബോക്സിൽ വന്നത് ഇങ്ങനെയാണ്:

“അമേരിക്കയിൽ 82 കമ്പനി പൂട്ടി… 3 എണ്ണത്തിൽ കൂടുതൽ കാണാനില്ല അതും പോളിസി ഹോൾഡർക്ക് 5 പൈസ നഷ്ടം വന്നില്ല ഉദാഹരണത്തിന് എക്സിക്യൂട്ടീവ് ഇൻഷുറൻസ് കമ്പനി കലിഫോർണിയ… പൂട്ടിയപ്പോൾ ബന്ധുത സ്വിസ് റീ ഏറ്റെടുത്തു…”

ഇൻഷ്വറൻസ് കമ്പനികൾ പൊളിയുന്നതിനു തെളിവ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ അമേരിക്കൻ ഇൻഷ്വറൻസ് ഗ്രൂപ്പ് 2008-ൽ പൊളിഞ്ഞതിന്റെ വിശദീകരണം നൽകിയിരുന്നു. അതിനപ്പുറം എന്തുവേണം?

അമേരിക്കയിൽ 82 എണ്ണം പൊളിഞ്ഞതിന്റെ വിശദാംശങ്ങൾ വേണമെങ്കിൽ ഇതാണ് റഫറൻസ് (https://www.nolhga.com/factsandfigures/main.cfm/location/insolvencies/orderby/date#sort). 1991 മുതൽ 2020 വരെയുള്ള കാലത്ത് പൊളിഞ്ഞ അമേരിക്കയിലെ ഓരോ ഇൻഷ്വറൻസ് കമ്പനിയുടെ പേരും സംസ്ഥാനവും ലഭ്യമാണ്. National Organization of Life & Health Insurance Guaranty Associations-ന്റെ ഔദ്യോഗിക കണക്കാണ്.

ഇനി യൂറോപ്പിൽ പൊളിഞ്ഞ ഇൻഷ്വറൻസ് കമ്പനികളുടെ കണക്ക് വേണമെങ്കിൽ ഈ ലിങ്കിൽ നോക്കാവുന്നതാണ് (https://www.eiopa.europa.eu/sites/default/files/publications/pdfs/eiopa_failures_and_near_misses_final_1_0.pdf). 1999-നും 2016-നും ഇടയ്ക്ക് പാപ്പരാവുകയോ അതിന്റെ വക്കിലെത്തുകയോ ചെയ്ത 180 സംഭവങ്ങൾ യൂറോപ്പിലെ 31 രാജ്യങ്ങളിൽ ഉണ്ടായി. ഇതിൽ 83 കമ്പനികൾ ലൈഫ് ഇൻഷ്വറൻസ് നടത്തുന്നവയാണ്. ഞാൻ കള്ളം പറയുന്നുവെന്നു പറഞ്ഞതുകൊണ്ടാണ് ഇത്ര വിശദമായി തെളിവുകൾ നൽകുന്നത്.

പക്ഷെ വിമർശകൻ അഡ്വാൻസായി ജാമ്യം എടുത്തിട്ടുണ്ട്. ഒരു ഇൻഷ്വറൻസ് കമ്പനി പാപ്പരാകുമ്പോൾ മറ്റേതെങ്കിലും കമ്പനിയിൽ ലയിപ്പിക്കും അല്ലെങ്കിൽ ഏറ്റെടുക്കും. അതുകൊണ്ട് പേടിക്കേണ്ടെന്നാണ്. പാപ്പരായി കഴിഞ്ഞ കമ്പനി ഏറ്റെടുത്താൽ എന്നാണ് അതിന്റെ ഇടപാടുകാർക്ക് പണം കിട്ടുകയെന്ന് അറിയുമോ? നമ്മുടെ നാട്ടിൽ പാലാ സെന്റർ ബാങ്കിലെ ഡെപ്പോസിറ്റേഴ്സിനു മുഴുവൻ പണം തിരിച്ചുകിട്ടി. പക്ഷെ അഞ്ചുപതിറ്റാണ്ട് എടുത്തൂവെന്നു മാത്രം.

AIG-യെ രക്ഷിക്കാൻ 250 ബില്യൺ ഡോളർ അമേരിക്കൻ സർക്കാർ പമ്പ് ചെയ്ത് രക്ഷിച്ചൂവെന്നുള്ളത് ശരി. പക്ഷെ അതിനുമുമ്പ് തകർന്ന ന്യൂ സെഞ്ച്വറി ഫിനാൻഷ്യൽ, അമേരിക്കൻ ഹോം മോഡ്ഗേജ്, ലേമാൻ ബ്രദേഴ്സ്, മെറിൽ ലിഞ്ച് തുടങ്ങിയ കമ്പനികളെ രക്ഷിക്കാൻ ആരും എത്തിയിരുന്നില്ലല്ലോ. എഐജി കൂടി തകർന്നാൽ അമേരിക്കൻ സമ്പദ്ഘടന പിടികിട്ടാക്കയത്തിലേയ്ക്കു പോകുമെന്നു വന്നപ്പോഴാണ് രക്ഷാകവചവുമായി ഇറങ്ങിയത്.

ഈ അനുഭവമുള്ളപ്പോഴാണ് ഇൻഷ്വറൻസ് കമ്പനി പാപ്പരായാലും പ്രശ്നമൊന്നും ഇല്ല. മറ്റേതെങ്കിലും കമ്പനി ഏറ്റെടുത്തുകൊള്ളും എന്നെല്ലാം പറഞ്ഞ് പോളിസി ഉടമസ്ഥരെ സമാധാനിപ്പിക്കാൻ നോക്കുന്നത്. ഇന്ത്യയിലെ 42 കോടി പോളിസി ഉടമസ്ഥർ സ്വയംപ്രതിരോധിക്കുന്നതിനു മുന്നോട്ടുവന്നാൽ എൽഐസിയേയും രക്ഷിക്കാം. തങ്ങളുടെ ഭാവി താൽപ്പര്യങ്ങളെയും സംരക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button