ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ വിമർശനം. അഖിലേഷിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിയെ അവഗണിച്ചുകൊണ്ട് എസ്.പി നേതാവ് കടന്നുപോയതാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അഖിലേഷിനെ പോലും ഞെട്ടിച്ച സംഭവം ഉണ്ടായത്.
ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടി ഓഫീസിന് സമീപത്ത് വെച്ച് അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ കടന്നുവരികയും സ്വയം തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ഗുരുതരമായ ഒരു സംഭവം അരങ്ങേറിയിട്ടും എസ്പി മേധാവി യുവതിയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള പാർട്ടി ഓഫീസിൽ നിന്ന് അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
രണ്ട് മാസം മുമ്പ് മകളെ തട്ടിക്കൊണ്ടുപോയ ഉന്നാവോ സമാജ്‌വാദി പാർട്ടി നേതാവ് രാജോൾ സിങ്ങിനെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ആണ് പെൺകുട്ടിയുടെ മാതാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിലൂടെ അപകടം ഒഴിവായി.
ഉന്നാവോ എസ്പി നേതാവ് രാജോൾ സിംഗ് രണ്ട് മാസം മുമ്പ് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ഉന്നാവോ സദേശിനിയായ യുവതി വ്യക്തമാക്കി. എന്നാൽ ഇതുവരെ പോലീസോ ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ലോക്കൽ പോലീസ് സ്‌റ്റേഷനിൽ പ്രശ്‌നം ഉന്നയിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവിനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും ഇവർ പറഞ്ഞു.
Post Your Comments