ന്യൂയോർക്ക്: വിമാനവാഹിനിയിൽ പറന്നിറങ്ങവേ യുദ്ധവിമാനം കടലിൽ വീണു. യു.എസ് പസഫിക് ഫ്ലീറ്റ് കമാൻഡിലെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് കാൾ വിൻസണിലാണ് അപകടം നടന്നത്.
ദക്ഷിണ ചൈന കടലിൽ, ഫിലിപ്പൈൻസ് തീരത്തിനു സമീപമാണ് അപകടം നടന്നത്. പരിശീലനപ്പറക്കലിനായി പറന്നുയർന്ന എഫ്-35 യുദ്ധവിമാനം തിരിച്ചിറങ്ങവേയാണ് അപകടം സംഭവിച്ചത്. പൈലറ്റ് സീറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഇയാളെ, ഹെലികോപ്റ്ററിൽ എത്തിയ രക്ഷാസംഘം കണ്ടെടുത്തു.
മൊത്തം ഏഴു പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ. ഇവരെ ഫിലിപ്പൈൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ആർക്കും ഗുരുതരമായ പരിക്കില്ലെന്ന് യുഎസ് നേവിയുടെ ട്വിറ്റർ ഹാൻഡിലിൽ പ്രസ്താവനയുണ്ട്. അതേസമയം, അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ യു.എസ് നാവികസേന തയ്യാറായിട്ടില്ല.
Post Your Comments