കൊച്ചി: അറ്റ്‌ലസ് രാമചന്ദ്രനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറ്റ്ലസ് ജ്വല്ലറികളിലും, ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തി. അറ്റ്ലസിന്റെ മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. 26.50 കോടി രൂപയുടെ സ്വര്‍ണവും സ്ഥിര നിക്ഷേപ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
അതേസമയം, അറ്റ്‌ലസ് രാമചന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശ്ശൂര്‍ പോലീസാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടിയുടെ വായ്പയാണ് രാമചന്ദ്രന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്തത്. 2013-18 കാലയളവിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 2013 മാര്‍ച്ച് 21 നും 2018 സെപ്റ്റംബര്‍ 26നും ഇടയില്‍ എടുത്ത 242.40 കോടി രൂപയുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഈ തുക രാമചന്ദ്രന്‍ തിരിച്ചടച്ചിരുന്നില്ല. ബാങ്കുകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015ലാണ് അറ്റ്ലസ് രാമചന്ദ്രന് കോടതി ശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റിലാണ് അദ്ദേഹം ദുബായില്‍ ജയിലിലായത്. വായ്പ നല്‍കിയിരുന്ന 23 ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
ബാങ്കുകള്‍ക്ക് തിരികെ നല്‍കാനുള്ള പണത്തെ സംബന്ധിച്ച് നിലവില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് രാമചന്ദ്രനെ ജയിലില്‍ നിന്നും പുറത്തിറക്കിയത്. കൂടാതെ 75 വയസ് കഴിഞ്ഞ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും രാമചന്ദ്രന് ആശ്വാസമായിരുന്നു.
Post Your Comments