ഇറ്റലി: കൈകാലുകൾ ഇല്ലാത്ത മകനെ തന്റെ കൈകളാൽ ആകാശത്തിലേക്ക് ഉയർത്തുന്ന മുൻസീർ എൽ നെസെൽ എന്ന പിതാവിന്റെ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. തുർക്കിഷ് ഫോട്ടോഗ്രാഫർ മെഹ്മെത് അസ്ലാന്‍ പകർത്തിയ ചിത്രത്തിന് 2021 ജനുവരിയിൽ സിയീന അവാർഡും ലഭിച്ചിരുന്നു. ഇതോടെ ഈ കുടുംബത്തിന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. സിറിയയിൽ നിന്ന് പലായനം ചെയ്ത് തുർക്കിയിൽ എത്തിയ ബാലനും കുടുംബവും ഇനി ഇറ്റലിയിൽ സുഖജീവിതം നയിക്കും. ഇറ്റലിയിലേക്ക് പറക്കുന്നതിന് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ മുസ്തഫ ലോകത്തിനോട് തന്റെ നന്ദി അറിയിച്ചു. ‘ഞങ്ങൾ വരുന്നു. നന്ദി. ഞങ്ങൾ ഇറ്റലിയെ സ്നേഹിക്കുന്നു’ ലോകം നെഞ്ചേറ്റിയ ബാലൻ പറഞ്ഞു.
‘ജീവിതത്തിന്റെ കഷ്ടതകൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഇവരുടെ ചിത്രം സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ നേർക്കാഴ്ചയായി മാറിയിരുന്നു. സിറിയയിലെ ബോംബ് സ്‌ഫോടനത്തിലാണ് മുൻസീറിന് തന്റെ കാൽ നഷ്ടപ്പെട്ടത്. ആറ് വയസ്സുകാരനായ മകൻ മുസ്തഫയ്ക്ക് ജന്മനാ തന്നെ കൈകാലുകൾ ഉണ്ടായിരുന്നില്ല. ആഭ്യന്തര കലാപങ്ങൾക്കിടെ ഉണ്ടായ വാതകചോർച്ചയിൽ മുസ്തഫയുടെ അമ്മയ്ക്ക് സാരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഗർഭിണി ആയിരുന്ന അവർ അക്കാലത്ത് കഴിച്ച മരുന്നുകളുടെ പാർശ്വഫലമായാണ് മകൻ കൈകാലുകൾ ഇല്ലാതെ ജനിച്ചത്. ഇവർക്ക് മുസ്തഫയെ കൂടാതെ ഒന്നും നാലും വയസ്സുള്ള രണ്ട് പെൺമക്കളും ഉണ്ട്.
Post Your Comments