ലാഹോർ: മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെ വിവാദ പ്രസ്താവനയുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. വിരാട് കോഹ്ലിക്കെതിരെ ഇന്ത്യയില്‍ വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതമാക്കിയതെന്നും ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.
ടി20 ലോകകപ്പ് കഴിഞ്ഞതോടെ ടി20 ടീമിന്റെ നായകസ്ഥാനം കോഹ്ലി ഒഴിഞ്ഞിരുന്നു. എന്നാല്‍ ഏകദിന ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നായിരുന്നു നിഗമനം. എന്നാല്‍ ഏകദിന നായകസ്ഥാനത്ത് നിന്ന് കോഹ്ലിയെ ബിസിസിഐ നീക്കി, പകരം ക്യാപ്റ്റൻ സ്ഥാനം രോഹിത് ശര്‍മ്മയെ ഏല്പിക്കുകയായിരുന്നു.
ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും കോഹ്ലി രാജിവെച്ചു. ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംസാര വിഷയമായിരിക്കെയാണ് അക്തര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നത്.
‘കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ മോശം സമയമാണിത്. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ കോഹ്ലിയുടെ നായകസ്ഥാനം നഷ്ടപ്പെടുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു. അത് സംഭവിച്ചു. കോഹ്ലിയ്ക്കെതിരേ വലിയൊരു സംഘമുണ്ട് ക്രിക്കറ്റില്‍. അതുകൊണ്ടാണ് അദ്ദേഹത്തിന് നായകസ്ഥാനം നഷ്ടപ്പെട്ടത്. കോഹ്ലി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് ഇനിയും അത് തുടരാനാകട്ടെ’. അക്തര്‍ പറഞ്ഞു.
Post Your Comments