ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ സിപിഎം ഏരിയ നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം രൂക്ഷമാകുന്നു. കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് പരസ്യ പോരിലേക്ക് വളരുന്നത്. പാർട്ടിയും പ്രസിഡന്റും തമ്മിലുള്ള പോര് പഞ്ചായത്തിൽ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ഹാരിസും, പാർട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട് കാലം ഏറെയായി. കഴിഞ്ഞ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഏരിയ നേതൃത്വം ഹാരിസുമായി ആലോചിക്കാതെ സ്വന്തം നിലയ്ക്ക് സിഡിഎസ് അധ്യക്ഷ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എന്നാൽ പാർട്ടി തീരുമാനത്തെ തള്ളിക്കൊണ്ട് ഹാരിസും കൂട്ടരും മറ്റൊരാളെ വിജയിപ്പിച്ചു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റും പാർട്ടിയും തമ്മിൽ തർക്കങ്ങൾ തുടങ്ങി.
Also read: സിപിഐ-സിപിഎം സംഘർഷം: ചവിട്ടും തൊഴിയും അസഭ്യവർഷവുമായി ഡിവൈഎഫ്ഐക്കാർ, ദൃശ്യങ്ങൾ പുറത്ത്
ഇന്നലെ പ്രസിഡന്റിനെ ഒഴിവാക്കിക്കൊണ്ട് മറ്റ് സിപിഎം അംഗങ്ങൾ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. ഇതിന് ബദലായി പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത് പ്രതിപക്ഷത്തിന് ഒപ്പം ചേർന്ന് അജണ്ടകൾ പാസാക്കി. പാർട്ടിയെ വെല്ലുവിളിച്ചുകൊണ്ട് പഞ്ചായത്ത് ഭരണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് നേതൃത്വം നിലപാട് എടുത്തതോടെ ഹാരിസ് ഇപ്പോൾ രാജിസന്നദ്ധത അറിയിച്ചെന്നാണ് സൂചന. അതേസമയം പാർട്ടിയും പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള തർക്കം ഭരണപ്രതിസന്ധിക്ക് കാരണമായെന്ന് യുഡിഎഫ് ആരോപിക്കുന്നു. തർക്കം പരിഹരിക്കാനായി സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തി വരികയാണ്.
Post Your Comments