കൊച്ചി: കൊച്ചിയിൽ കൊതുക് പെരുകിയിട്ടും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ. നഗരസഭാമുറ്റത്ത് പ്രതിപക്ഷ വനിത അംഗങ്ങൾ തിരുവാതിര കളിച്ച് പ്രതിഷേധിച്ചപ്പോൾ മറ്റൊരിടത്ത് കൊതുകുപിടുത്ത മത്സരവും അരങ്ങേറി.
കൊതുക് നിർമാർജനത്തിനായി പ്രതിവർഷം പത്ത്‌കോടി രൂപ വകയിരുത്താറുണ്ട് കൊച്ചി നഗരസഭ. എന്നാൽ, ഇതൊന്നു പ്രാവർത്തികമാക്കാത്ത നഗരസഭയ്‌ക്കെതിരെയാണ് പ്രതിഷേധം. കൊതുക് നിർമാർജനത്തിന് അടിയന്തര കർമപദ്ധതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ വനിത കൗൺസിലർമാർ ഇലക്ട്രിക് ബാറ്റുമായി തിരുവാതിര നടത്തിയത്.
അതേസമയം, കൊതുകുശല്യത്തിനെതിരെ മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ കൊതുക് പിടുത്ത മൽസരം നടത്തിയതും ചർച്ചയായി. രണ്ട് വർഷമായി കൊച്ചിയിൽ കൊതുക് ശല്യത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നുമില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Post Your Comments