മുംബയ്: നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാർത്ത ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. ‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്.’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിലവില്‍ ജോലി സംബന്ധമായ തിരക്കുകളിലാണ് ഇരുവരും.
അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്‌നമാണെന്നും ദൈവാനുദഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നു എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. അതേസമയം മാതാപിതാക്കളാകുന്നതിനായി വാടക ഗര്‍ഭധാരണം സ്വീകരിച്ചതിനെതിരെ പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.
‘കുട്ടി പ്രധാനമെന്ന് തോന്നുന്നുവെങ്കില്‍ കുട്ടിയെ ഗര്‍ഭം ധരിച്ച് പ്രസവിച്ച് ഓമനിച്ച് വളര്‍ത്തുന്നതാണ് ഉത്തമം. നിങ്ങളുടേതായ ഒരു കുട്ടി ലോകത്തിന് അനിവാര്യമൊന്നുമല്ല. അതിനാല്‍ ഈ വാടക ഗര്‍ഭം ആ കുട്ടിയോട് ചെയ്യുന്ന അനീതിയാണ് അത് തിരിച്ചറിയാനുള്ള ബോധമില്ലാതാക്കിയത് നിങ്ങള്‍ നേടിയ പണം മാത്രമാണ്. പണം തിരിച്ചറിവും ബോധവും നല്കില്ലെന്ന ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങളെപ്പോലുള്ള സെലിബ്രിറ്റികള്‍’. എന്നാണ് പ്രിയങ്ക ചോപ്രയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വാർത്തയോട് ഒരാൾ പ്രതികരിച്ചത്.
‘ദൈവം സമ്പത്ത്, സൗന്ദര്യം, അറിവ് എല്ലാം വാരി നിറച്ചു കൊടുത്തു വകതിരിവ് കൊടുത്തില്ല, അതു കാരണം ഒന്നും നേടാൻ കഴിയാതെ പോയ പാവം ദമ്പതികൾ’ എന്ന് മറ്റൊരാൾ പറയുന്നു. ‘അണ്ഡവും ബീജവും വെറുതെ കിട്ടിയോ ? അതോ വിലക്ക് വാങ്ങിയോ ?’ എന്നാണ് ഒരാളുടെ വിമർശനം. അതേസമയം, ദമ്പതികളെ പിന്തുണച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments