ദില്ലി: കൊവിഡ് മുക്തരായവർ മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവൂ എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയപരിധി നിശ്ചയിച്ചതെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിൽ ഇതുവരെ 160 കോടിയിലേറെ ആൾക്കാർ കൊവിഡ് വാക്സിൻ സ്വീകരിച്ചു.
Also read: കുടുംബ വഴക്കിനെ തുടർന്ന് അടിപിടി : ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ ഇന്ന് നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 3,37,704 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 488 പേർ കൊവിഡ് ബാധിച്ചു മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുകയാണ്. 17.22 ആണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 10,050 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും രോഗം ബാധിക്കുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ടെന്ന് ടാസ്‌ക്‌ഫോഴ്‌സിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകൂ എന്നും അവരിൽ മരണനിരക്ക് കുറവാണെന്നും എയിംസ് നടത്തിയ പഠനത്തിൽ പറയുന്നു.
Post Your Comments