COVID 19KeralaNattuvarthaLatest NewsNews

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന്റേത് ശാസ്ത്രീയ സ്ട്രാറ്റജി

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അതിനാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധനത്തിന് സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജിയാണ്. കോവിഡ് ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ് മൂന്നാം തരംഗം. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക് ഡൗണിലേക്ക് പോയത്. രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് 2021 മേയ് 12ന് 43,529 ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാക്‌സിനേഷന്‍ 20 ശതമാനമാനത്തിനടുത്തായിരുന്നു. അതിന് ശേഷം പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആവിഷ്‌ക്കരിച്ചു. ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. ഇതോടെ മഹാഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാനായി. അതിനാലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം വളരെ കുറവാകുന്നത്.

ടിപിആര്‍ മാനദണ്ഡമാക്കുന്നത് വളരെ മുമ്പ് തന്നെ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയാല്‍ മതി. അതിനാല്‍ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ടിപിആര്‍ ഉയര്‍ന്നു നില്‍ക്കും.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍, പീഡിയാട്രിക് സൗകര്യങ്ങള്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. 25 ആശുപത്രികളില്‍ 194 പുതിയ ഐസിയു യൂണിറ്റുകള്‍, 19 ആശുപത്രികളിലായി 146 എച്ച്ഡിയു യൂണിറ്റുകള്‍, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐസിയു യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കി. ഇതുകൂടാതെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 കിടക്കകള്‍ വീതമുള്ള ഐസിയു, എച്ചിഡിയു കിടക്കളും സജ്ജമാക്കി. ആകെ 400 ഐസിയു, എച്ച്ഡിയു യൂണിറ്റുകളാണ് സജ്ജമാക്കിയത്. ചെറിയ കുഞ്ഞുങ്ങള്‍ മുതലുള്ള കുട്ടികള്‍ക്കുള്ള 99 വെന്റിലേറ്ററുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 66 വെന്റിലേറ്ററുകള്‍, 100 പീഡിയാട്രിക് അഡള്‍ട്ട് വെന്റിലേറ്ററുകള്‍, 116 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്‌ളോ വെന്റിലേറ്ററുകളുടെ വിതരണം പുരോഗമിക്കുന്നു.

എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ക്വാറന്റൈനിലുള്ള ഡോക്ടര്‍മാര്‍ പോലും ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കായി മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. ഗൃഹ പരിചരണം സംബന്ധിച്ച് ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ശനിയാഴ്ച പരിശീലനം നല്‍കുന്നുണ്ട്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button