Latest NewsKeralaIndia

കേരളത്തിന്റെ ടാബ്ലോയെ ചതിച്ചത് ‘ഈഗിൾസ് ഐ വ്യൂ’ : പരേഡിൽ നിന്ന് ഒഴിവാക്കാൻ കാരണമായ സാങ്കേതിക അബദ്ധം ഇതാണ്

റിപ്പബ്ലിക് ദിന പരേഡിൽ, കേരളത്തിന്റെ ടാബ്ലോ തള്ളിക്കളഞ്ഞതിനെ ചൊല്ലി വിവാദങ്ങൾ തുടരുകയാണ്. കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് എന്നാണ് കേരളസർക്കാർ ആരോപിക്കുന്നത്. എന്നാൽ, നിശ്ചലദൃശ്യം തയാറാക്കിയതിൽ കേരളത്തിന് പറ്റിയ സാങ്കേതിക അബദ്ധങ്ങളടക്കം നിരവധി കാരണങ്ങൾ കൊണ്ടാണ് കേരളത്തിന്റെ ടാബ്ലോയ്ക്ക് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടത്.

യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി , ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ടെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

പോസ്റ്റിന്റെ വിശദാംശങ്ങൾ

വസ്തുതകളും സ്വന്തം പിഴവുകളും മറച്ചു പിടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കേരള സർക്കാർ. ഏതൊക്കെ നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കല, സംസ്കാരം, ശിൽപ്പകല, സംഗീതം, വാസ്തുശൈലി തുടങ്ങി ബഹുവിധ രംഗങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ്. അല്ലാതെ കേന്ദ്രസർക്കാരല്ല. ടാബ്ലോകളുടെ ആശയം, അവതരണം, തനിമ, പ്രതിഫലിപ്പിക്കുന്ന സന്ദേശം തുടങ്ങി വിവിധ മാനങ്ങളിൽ അധിഷ്ഠിതമായി അവരെടുക്കുന്ന തീരുമാനമാണ് അന്തിമ പട്ടിക നിശ്ചയിക്കുന്നത്. പല റൗണ്ടിലായി നടക്കുന്ന വിശദമായ വിലയിരുത്തലുകൾക്കു ശേഷമായിരിക്കും പരേഡിന് അനുമതി ലഭിക്കുന്ന ടാബ്ലോകൾ തിരഞ്ഞെടുക്കുക. ഈ വർഷത്തെ 56 നിശ്ചലദൃശ്യ നാമനിർദ്ദേശങ്ങളിൽ, 21 എണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിന്റെ ടാബ്ലോയ്ക്ക് അനുമതി ലഭിക്കാത്തതിന്റെ പ്രധാന കാരണങ്ങളായി വിദഗ്ധസമിതി ചൂണ്ടി കാട്ടിയ പോരായ്മകളിവയാണെന്ന് പുറത്ത് വന്നിരിക്കുന്നു:

1) ടാബ്ലോയിലെ മോഡലിന്റെ രൂപകൽപ്പന അഥവാ ഡിസൈൻ, സംസ്ഥാനം തെരഞ്ഞെടുത്ത ടൂറിസം@75 എന്ന ആശയത്തോട് ബന്ധപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി.

2) ആദ്യം സമർപ്പിച്ച ഡ്രോയിങ്ങിൽ, ട്രാക്ടറിലും ട്രെയിലറിലുമുണ്ടായിരുന്ന ജടായു ശില്പങ്ങൾ ആവർത്തന വിരസതയുണ്ടാക്കുന്നുവെന്നും, മോഡൽ അവതരിപ്പിച്ചപ്പോൾ, ഈ ശില്പങ്ങൾ ആനുപാതികമല്ലെന്നും സമിതി നിരീക്ഷിച്ചു.

3)നിറത്തിന്റെ കാര്യത്തിലും കേരളത്തിന് പിഴച്ചു. രാജ്പഥിനു യോജിക്കുന്ന വർണ്ണശബളമായ നിറത്തിനു പകരം, മങ്ങിയ സിമന്റ് കളറാണ് സ്വീകരിച്ചത്.

4) ടാബ്ലോയുടെ ട്രെയിലറിലുള്ള ഭാഗം ഫ്രോഗ്സ് ഐ വ്യൂവിനു പകരം ഈഗിൾസ് ഐ വ്യൂവിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നു വച്ചാൽ, നേരെ നിന്നു നോക്കിയാൽ കാണുന്നതിലുമുപരി, ഈ ടാബ്ലോ ആകാശവീക്ഷണകോണിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. കുറച്ചുകൂടി വിശദമാക്കിയാൽ, രാജ്പഥിലെ ഗ്രൗണ്ടിലിരുന്നു പരേഡ് വീക്ഷിക്കുന്ന സുപ്രധാന വ്യക്തിത്വങ്ങൾക്കും കാഴ്ചക്കാർക്കും ഇതിന്റെ ഭാഗികമായ ഒരു വശം മാത്രമേ കാണാൻ സാധിക്കൂ. കേരളത്തിനു പറ്റിയ ഏറ്റവും വലിയ സാങ്കേതിക അബദ്ധമായിരുന്നു ഇത്.

5) ഗുരുദേവന്റെയും ശങ്കരാചാര്യരുടെയും രൂപങ്ങൾ ഉൾപ്പെടുത്തിയെങ്കിലും, ടാബ്ലോയ്ക്കു മുൻപുള്ള ട്രാക്ടർ ഉൾപ്പെടുന്ന ഭാഗത്തിന്റെ രൂപഘടന വളരെ അനാകർഷകമായിരുന്നെന്ന് സമിതി വിലയിരുത്തി. ചിട്ടയില്ലാത്ത അവതരണവും ചേർച്ചയില്ലാത്ത നിറസംയോജനങ്ങളും ടാബ്ലോ ഒഴിവാക്കാൻ കാരണമായി.

റിപ്പബ്ലിക് പരേഡിന്റെ സമയപരിമിതിയും സെലക്ഷനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഈ വർഷം വന്ന 56 നിശ്ചലദൃശ്യ നാമനിർദ്ദേശങ്ങളിൽ 21 എണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളം, ബംഗാൾ, തമിഴ്നാട് എന്നിവയുടേത് മാത്രമല്ല, ഈ അന്തിമ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ വകുപ്പുകളും കേന്ദ്രമന്ത്രിമാരും നേരിട്ട് നിർദ്ദേശിച്ച ടാബ്ലോകൾ പോലും വിദഗ്ധസമിതി തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു രാഷ്ട്രീയ വീക്ഷണകോണിൽ എടുക്കുകയാണെങ്കിൽ, 2018, 2021 എന്നീ വർഷങ്ങളിൽ കേരളത്തിന്റെ ടാബ്ലോ പരേഡിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016, 2017, 2019, 2020, 2021 എന്നീ വർഷങ്ങളിൽ പശ്ചിമ ബംഗാളിന്റെ ടാബ്ലോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം ഇനിയെങ്കിലും നല്ല തയ്യാറെടുപ്പോടെ ഇതിനെ സമീപിക്കുകയാണ് കേരള സർക്കാർ ചെയ്യേണ്ടത്.

NB: ചിത്രത്തിൽ കാണുന്നതാണ് കേരളം ആദ്യം സമർപ്പിച്ച മോഡൽ!

shortlink

Related Articles

Post Your Comments

Related Articles


Back to top button