കണ്ണൂർ: സിപിഎം യോഗത്തിൽ പങ്കെടുത്ത് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. സിപിഎമ്മിനെ പരസ്യമായി എതിർക്കുകയും നിരവധി തവണ പാർട്ടിക്കെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ആളാണ് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. സി പി എമ്മിനെതിരെ പരസ്യമായി രംഗത്ത് വന്ന്, ഇപ്പോൾ സി പി എമ്മിന്റെ യോഗത്തിൽ തന്നെ പങ്കെടുത്ത സുരേഷിന് നേരെ രൂക്ഷ വിമർശനവും പരിഹാസവുമാണ് ഉയരുന്നത്. ‘കിളികൾക്ക് എങ്ങോട്ട് വേണേലും പറക്കാമല്ലോ’ എന്നും ‘സി പി എമ്മിൽ ചേർന്നില്ലെങ്കിൽ ഇന്നോവ വീട്ടിൽ വരും’ എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.
അതേസമയം, ബുധനാഴ്ച വൈകീട്ട് പൂക്കോത്ത് നട കെ എൻ പരിയാരം ഹാളിൽ നടന്ന സിപിഎം 23ാം പാർട്ടി കോൺഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് സുരേഷ് കീഴാറ്റൂർ പങ്കെടുത്തത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആണ് യോഗം ഉദ്ഘാടനം ചെയ്തത്.
സി പി എമ്മിനെതിരെ സമരം ചെയ്ത സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ, സുരേഷ് പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ, സുരേഷ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇത്തരം അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സിപിഎം അനുഭാവം സുരേഷ് പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്.
ദേശീയപാത ബൈപ്പാസ് റോഡിനായി കീഴാറ്റൂർ വയലിൽ മണ്ണിടുന്നതിനെതിരെയാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സമരം നടന്നത്. ആദ്യഘട്ടത്തിൽ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറി, തുടർന്ന് വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്. കീഴാറ്റൂരിലെ വയലിൽ പുതിയ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.
Post Your Comments