ചെന്നൈ: മതം മാറണമെന്ന് ആവശ്യപ്പെട്ടുള്ള സ്‌കൂൾ അധികൃതരുടെ പീഡനം സഹിക്കാനാകാതെ സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരുക്കാട്ടുപാളി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ എം ലാവണ്യയാണ് ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്‌കൂൾ അധികൃതരുടെ നിരന്തര പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത്. സ്‌കൂളിൽ പഠനം തുടരണമെങ്കിൽ ക്രിസ്തുമതം സ്വീകരിക്കണമെന്ന് സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചിരുന്നു.
ഏറെ നാളായി വിദ്യാർത്ഥിനിയോട് മതം മാറാൻ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ. ഇതിന്റെ പേരിൽ പല രീതിയിലും സ്‌കൂൾ അധികൃതർ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. സ്‌കൂളിന് അടുത്തുള്ള സെന്റ് മൈക്കിൾസ് ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ലാവണ്യയെ പൊങ്കൽ അവധിക്ക് വീട്ടിലേക്ക് വിടാനും അധികൃതർ തയ്യാറായില്ല.
ഷാൻ വധക്കേസിൽ പ്രതികൾക്കായി സിപിഎം ഇടപെട്ടു: ആരോപണവുമായി വിഡി സതീശൻ
അവധി ദിവസങ്ങളിൽ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികൾ ചെയ്യിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് പൂന്തോട്ടത്തിൽ അടിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി എടുത്ത് കഴിച്ച് ലാവണ്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അവശതയായ കുട്ടിയെ പ്രദേശത്തെ ക്ലിനിക്കിൽ പ്രവേശിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം അറിയുന്നത്. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ മാതാപിതാക്കളെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച അന്ത്യം സംഭവിക്കുകയായിരുന്നു.
അതേസമയം, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്‌കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതിൽ ലാവണ്യ ഉന്നയിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് മാറിയാൽ തുടർപഠനത്തിന് സഹായിക്കാമെന്ന് സ്‌കൂളുകാർ വാഗ്ദാനം ചെയ്തതായി ലാവണ്യ ഈ വീഡിയോയിൽ പറയുന്നു. ഇത് അംഗീകരിക്കാത്തതോടെ അവർ എപ്പോഴും ദേഷ്യപ്പെടുമായിരുന്നുവെന്നും ലാവണ്യ വ്യക്തമാക്കുന്നു. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം തിരുക്കാട്ടുപള്ളി പോലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം നടത്തിയിരുന്നു.
Post Your Comments