വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഉക്രൈൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരു സമ്പൂർണ്ണ യുദ്ധമെന്ന രീതിയിലേക്ക് കാര്യങ്ങൾ നീക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബൈഡൻ, അധിനിവേശം മാത്രമാണ് റഷ്യ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി.
എന്നാൽ, കാര്യങ്ങൾ റഷ്യ വിചാരിച്ച പോലെ നിസ്സാരമാവില്ലെന്ന് പറഞ്ഞ ബൈഡൻ, അങ്ങനെ ഒരു ആക്രമണമുണ്ടായാൽ കനത്ത വില നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ, അഞ്ചിലധികം തവണയാണ് പുടിന് ബൈഡൻ മുന്നറിയിപ്പ് നൽകുന്നത്. ഉക്രൈന് സൈനിക സഹായം ഉൾപ്പെടെ നൽകുമെന്നും ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ, ഈ വക താക്കീതുകൾ കൊണ്ടൊന്നും റഷ്യ കുലുങ്ങുന്ന മട്ടില്ല. ഉക്രൈൻ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് പ്രഖ്യാപിച്ച റഷ്യ, പക്ഷേ, ഉക്രൈൻ അതിർത്തിയിലെ സൈനിക വിന്യാസം ഈ വക കോലാഹലങ്ങൾക്കിടയിലും വീണ്ടും വർദ്ധിപ്പിച്ചു. യൂറോപ്യൻ യൂണിയനെപ്പോലുള്ള സംഘടനകൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും റഷ്യ കൂടുതൽ ടാങ്കുകളെയും ട്രൂപ്പുകളെയും അതിർത്തിയിൽ വിന്യസിക്കുകയാണ്.
ഒരു ലക്ഷം സൈനികരെയെങ്കിലും റഷ്യ ഉക്രയിൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന ഒരു യുദ്ധത്തിനു വേണ്ടി പാശ്ചാത്യലോകം സജ്ജമായിക്കൊണ്ടിരിക്കുകയാണ് എന്ന് വിദേശ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
Post Your Comments