ErnakulamLatest NewsKeralaNews

പൂക്കള്‍ വയ്ക്കരുതെന്ന് പറഞ്ഞ പി ടി തോമസിന് വേണ്ടി 1.27 ലക്ഷം രൂപയുടെ പൂക്കള്‍: അഴിമതി ആരോപണം, വിജിലന്‍സിന് പരാതി

അടിയന്തര ഘട്ടങ്ങളില്‍ നഗരസഭയ്ക്ക് ചെലവാക്കാന്‍ അധികാരമുള്ളതിനെക്കാള്‍ കൂടുതല്‍ തുക ചെലവാക്കി

തൃക്കാക്കര: അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങിയതിന് ഉള്‍പ്പെടെ നാല് ലക്ഷം രൂപയിലധികം തൃക്കാക്കര നഗരസഭ ചെലവഴിച്ചെന്ന് വിജിലന്‍സില്‍ പരാതി. അഞ്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മൃതദേഹത്തില്‍ പൂക്കള്‍ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തില്‍ പി ടി തോമസ് വ്യക്തമാക്കിയിട്ടും പൂക്കള്‍ വാങ്ങാന്‍ വേണ്ടി മാത്രം ഒരുലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് കോണ്‍ഗ്രസ് ഭരണസമിതി ചെലവാക്കിയത്.

Read Also : ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ചനിലയില്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസ്

അടിയന്തര ഘട്ടങ്ങളില്‍ നഗരസഭയ്ക്ക് ചെലവാക്കാന്‍ അധികാരമുള്ളതിനെക്കാള്‍ കൂടുതല്‍ തുക ചെലവാക്കിയെന്ന് പരാതിയില്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്ക് മൃതദേഹം വഹിച്ചുള്ള യാത്രയില്‍ വാഹനത്തില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. പൊതുദര്‍ശനം നടന്ന തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ 1,27,000 രൂപയുടെ പൂക്കളാണ് നഗരസഭ എത്തിച്ചത്. 1,17,000 രൂപ പൂക്കച്ചവടക്കാര്‍ക്ക് അന്നേ ദിവസം തന്നെ നല്‍കി. 35,000 രൂപ ഭക്ഷണത്തിന് ചെലവാക്കി. കാര്‍പെറ്റും മൈക്ക് സെറ്റും മറ്റു ചെലവിനുമായി 4 ലക്ഷത്തിലധികം രൂപ മുടക്കി.

പ്രത്യേക പദ്ധതിയായി അനുമതി വാങ്ങാതെ പണം ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം പ്രതിപക്ഷ ആരോപണം തള്ളിയ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ പി ടി തോമസിന് അര്‍ഹിക്കുന്ന ആദരവാണ് നല്‍കിയതെന്ന് പറഞ്ഞു. മൃതദേഹത്തില്‍ പൂക്കള്‍ വയ്ക്കരുതെന്നാണ് പി ടി പറഞ്ഞത് ഹാള്‍ അലങ്കരിക്കുന്നതില്‍ ഇക്കാര്യം ബാധകമല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തര നഗരസഭ കൗണ്‍സില്‍ കൂടി പ്രതിപക്ഷത്തിന്റെ സമ്മതോടെയായിരുന്നു പൊതുദര്‍ശനത്തിന് ഒരുക്കങ്ങള്‍ സജ്ജമാക്കിയതെന്ന് അജിത തങ്കപ്പന്‍ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button