കൊച്ചി: മോഫിയ പർവീന്റെ ആത്മഹത്യയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് എസ്ഐയെ ബോധപൂർവം ഒഴിവാക്കിയെന്നാരോപിച്ച് പരാതിയുമായി മോഫിയയുടെ പിതാവ് രംഗത്ത്. ‘ഈ കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരന്‍ ആണ്. സി ഐ യെ പ്രതിച്ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും’, മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു.
നിയമവിദ്യാര്‍ത്ഥി ആയ മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികള്‍. മോഫിയ ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു
ജനുവരി 21ന് സുഹൈലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുഹൈലും മാതാപിതാക്കളും ചേര്‍ന്ന് മോഫിയയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
‘ലൈംഗിക വൈകൃതങ്ങള്‍ക്കടക്കം സുഹൈല്‍ ഭാര്യയെ ഇരയാക്കി. മോഫിയയുടെ തലകൊണ്ട് മതിലിലിടിച്ചടക്കം അമ്മ റുഖിയ നിരന്തരം മര്‍ദ്ധിച്ചു. പിതാവ് യൂസഫ് മര്‍ദ്ദനങ്ങള്‍ കണ്ടിട്ടും മൗനം പാലിച്ചു. മോഫിയയുടെ മാതാപിതാക്കളടക്കം ഇടപെട്ടിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതെല്ലാം മിടുക്കിയായ നിയമവിദ്യാര്‍ത്ഥിനിയുടെ മാനസികാവസ്ഥക്ക് മാറ്റമുണ്ടാക്കി’, കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണകുറ്റം, കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments