സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇരുപതിനായിരത്തോളം കുടുംബങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ലായിരുന്നുവെന്നും ഇരുപതിനായിരത്തിൽ കൂടുതൽ മരണങ്ങൾ ഒളിപ്പിച്ചവർ ആണ് ഇടതുപക്ഷ സർക്കാരെന്നും ചൂണ്ടിക്കാട്ടി കെ എസ് ശബരീനാഥൻ രംഗത്ത്. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ഒരു ക്യാമ്പയിൻ ഇവിടെ മികച്ച കോവിഡ് പ്രതിരോധമാണ് എന്നായിരുന്നു, എന്നാൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കെ എസ് ശബരീനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ്;
ഇരുപതിനായിരത്തിൽ കൂടുതൽ മരണങ്ങൾ ഒളിപ്പിച്ചവർ
—–
വീണ്ടുമൊരു കോവിഡ് തരംഗം ആഞ്ഞടിക്കുകയാണ്. പല ജില്ലകളിലും TPR റേറ്റ് ശരവേഗത്തിൽ കുതിക്കുന്നു. എല്ലാവരും തീർച്ചയായി ജാഗ്രത പുലർത്തേണ്ടത് സമയം തന്നെയാണ്.സൂക്ഷിക്കുക ഇനി വിഷയത്തിലേക്ക് വരാം. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ഒരു ക്യാമ്പയിൻ ഇവിടെ മികച്ച കോവിഡ് പ്രതിരോധമാണ് എന്നായിരുന്നു. ഏറ്റവും കുറവ് മരണ നിരക്കുകൾ കേരളത്തിലല്ലേ എന്നൊക്ക പല ഒറിജിനൽ സഖാക്കളും മാധ്യമസഖാക്കളും പുകഴ്ത്തുന്നത് ഓർമ്മയിലുണ്ട്. ഇന്ന് സർക്കാരിന്റെ കോവിഡ് ഡാഷ്ബോർഡ് വെബ്സൈറ്റ് നോക്കി . ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. കോവിഡ് മരണങ്ങളുടെ പട്ടികയിൽ 30856 + 20172 (appeal) = 51028 എന്ന് കാണിക്കുന്നു. ലളിതമായി പറഞ്ഞാൽ ആകെ നടന്ന 51028 മരണത്തിന്റെ 40% (20172) അണ്ടർ റിപ്പോർട്ടഡ് ആണ്.
സുപ്രീം കോടതിയുടെ ഇടപെടൽ കാരണം ഈ 40% മരണങ്ങൾ അപ്പീൽ നൽകി സർക്കാരിന് അംഗീകരിക്കേണ്ടിവരുന്നു. ശക്തിയോടെ പ്രതിപക്ഷവും ഒരു കൂട്ടം ആരോഗ്യപ്രവർത്തകരും ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇതില്ലായിരുവെങ്കിൽ ഇരുപതിനായിരത്തോളം കുടുംബങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ലായിരുന്നു. ഇത്രയും ഭീകരമായ ഒരു cover-up (ഒളിച്ചുകളി) നടത്തിയ സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രിയും രണ്ട് ആരോഗ്യമന്ത്രിമാരും നിയമസഭയും ജനങ്ങളെയും തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും വ്യക്‌തം. കോവിഡ് വ്യാപന കാലത്ത് തിരുവാതിരയും പാർട്ടി സമ്മേളനവും നടത്തുന്ന ഇവർ മരണവ്യാപാരികൾ മാത്രമല്ല,സ്വന്തം നേട്ടത്തിന് വേണ്ടി ഇരുപതിനായിരത്തിലധികം മരണങ്ങൾ ഒളിപ്പിച്ചവരുമാണ്.
Post Your Comments