Latest NewsKeralaNews

‘ഇത് മൂന്നാം തരംഗം’: ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ, ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ലെന്ന് ആരോഗ്യമന്ത്രി

ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ.

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നതെന്നും സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ടെന്നും ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കും’- ആരോഗ്യമന്ത്രി വ്യക്തമാക്കി.

‘സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകും. ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോൾ ഡെൽറ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നത്’- വീണാ ജോർജ് വ്യക്തമാക്കി.

Read Also: മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

‘ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസർക്കാർ കണക്ക് കൂട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകളും ലഭ്യമാണ്’- ആരോഗ്യമന്ത്രി വ്യക്തമാക്കി.

‘രുചിയും മണവും ഉണ്ടെന്ന് കരുതി മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുത്. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. ഈ ഘട്ടത്തിൽ N 95 മാസ്കുകൾ തന്നെ ഉപയോഗിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകും’- ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button