നോയ്ഡ: സമാജ്‌വാദി പാര്‍ട്ടിയുമായി ഇനി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കോ സഖ്യത്തിനോ ഇല്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. രണ്ട് സീറ്റല്ല, നൂറ് സീറ്റുകള്‍ വാഗ്ദാനം ചെയ്താലും സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ നിലകൊള്ളുന്ന ഏതൊരു പാര്‍ട്ടിയുമായും തങ്ങള്‍ സഖ്യത്തിന് തയ്യാറാണെന്നും ആസാദ് പറഞ്ഞു.
‘കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയതാണ്. ഇന്നുവരെയായിരുന്നു (ചൊവ്വാഴ്ച) ബി.ജെ.പിയെ തോല്‍പിക്കുന്നതിനായി സഖ്യത്തിനായി സമീപിച്ച പാര്‍ട്ടിയുടെ നേതാവിന് സമയം നല്‍കിയിരുന്നത്. ഇപ്പോഴിതാ ഞാന്‍ പറയുന്നു ഇനി അവര്‍ക്കൊപ്പമില്ല (എസ്.പി). ഇത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്. ഇനിയവര്‍ നൂറ് സീറ്റുകള്‍ ഓഫര്‍ ചെയ്താലും അവര്‍ക്കൊപ്പമില്ല’- ആസാദ് പറയുന്നു.
‘താന്‍ ഒരു അഭിഭാഷകനാണ്. നിങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാണ്, രണ്ട് സീറ്റുകള്‍ നിങ്ങള്‍ക്ക് മാറ്റിവെച്ചിരുന്നു’ എന്ന് അഖിലേഷ് യാദവ് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ പിന്തുണയ്ക്കാനാണോ പരിഹസിക്കാനാണോ ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലാവുമെന്നും ആസാദ് പറഞ്ഞു.
തന്റെ സംഘടനയായ ഭീം ആര്‍മിയും താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയും (എ.എസ്.പി) തെരഞ്ഞെടുപ്പിനെ നേരിടാനും വിജയിക്കാനും സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലുള്ള ആര്‍.എല്‍.ഡിക്കെതിരെ എ.എസ്.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ആസാദ് പറഞ്ഞു.
Post Your Comments