റിയാദ്: തെറ്റായ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യും. ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.
വിവരസാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരവും, ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരവും സൗദിയിൽ സമൂഹമാധ്യമങ്ങളിലുൾപ്പടെ നുണപ്രചാരണങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. വ്യാജപ്രചാരണങ്ങൾ രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഇത്തരം വ്യാജപ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്ക് 3 ദശലക്ഷം റിയാൽ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.
Post Your Comments