ചണ്ഡീഗഡ്: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള സൂചനകള്‍ നല്‍കി കോണ്‍ഗ്രസ്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ് സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള സൂചനകള്‍ കോണ്‍ഗ്രസ് നല്‍കിയത്.
‘യഥാര്‍ത്ഥ മുഖ്യമന്ത്രി എന്നു പറയുന്നത് ബലമായി ആ കസേരയിലേക്ക് പിടിച്ചുകൊണ്ടിരുത്തുന്ന ആളായിരിക്കും. അദ്ദേഹം മുഖ്യമന്ത്രി കസേരക്കായി പരിശ്രമിക്കുകയോ ഞാനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നോ എനിക്കതിന് അര്‍ഹതയുണ്ടെന്നോ പറയില്ല. ഒരു തരത്തില്‍ അദ്ദേഹം ഒരു ബാക്ക്‌ബെഞ്ചര്‍ ആയിരിക്കും, ഏറ്റവും പിന്നില്‍ നിന്നും മുന്നിലേക്ക് കൊണ്ടുവന്ന് നിങ്ങള്‍ക്കതിന് അര്‍ഹതയുണ്ട് എന്ന് പറയാന്‍ സാധിക്കുന്ന ആള്‍. അങ്ങനെയൊരു മുഖ്യമന്ത്രിക്ക് രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കും’- എന്നാണ് സോനു വീഡിയോയില്‍ പറയുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സോനുവിന്റെ വീഡിയോയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ചന്നി തന്നെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന വ്യക്തമായ സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്.
കോണ്‍ഗ്രസിന്റെ ട്വീറ്റിന് പിന്നാലെ തന്നെ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസും സമാനമായ സന്ദേശം നല്‍കി. ‘ചരിത്രം പഠിപ്പിക്കുന്നത് ശക്തരായ ആളുകള്‍ ശക്തമായ സ്ഥലത്തുനിന്നുമാണ് വരുന്നത് എന്നാണ്. ചരിത്രം തെറ്റായിരുന്നു, ശക്തരായ ആളുകള്‍ അവരുടെ സ്ഥലത്തെ ശക്തമാക്കുന്നു. കോണ്‍ഗ്രസ് വീണ്ടും വരും’- എന്നാണ് ചന്നിയുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
Post Your Comments