ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെയ്പ്പെടുത്ത കുട്ടികളുടെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോഗ്യ വകുപ്പ്. കുത്തിവെയ്പ്പിനിടെയേറ്റ അണുബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അഞ്ചാം പനിക്കും റുബെല്ലയ്ക്കുമെതിരായി വാക്സിൻ എടുത്ത 3 കുട്ടികളാണ് മരണപ്പെട്ടത്. കുട്ടികൾക്ക് കുത്തിവെപ്പെടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പാലിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
കുത്തിവെയ്പ്പെടുത്ത നഴ്‌സിനെയും മരുന്ന് കൈമാറിയ ഫാർമസിസ്റ്റിനെയും സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. രാമദുർഗ താലൂക്കിലെ ബൊച്ചബാൽ ഗ്രാമത്തിലെ 13 മാസം പ്രായമുള്ള പവിത്ര ഹുലഗൂർ, 14 മാസമായ മധു ഉമേഷ് കരാഗുണ്ടി, മല്ലപുർ താലൂക്കിലെ 12 മാസമായ ചേതൻ പൂജാരി എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികൾ ബെലഗാവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴിൽ രണ്ട് അങ്കണവാടി കേന്ദ്രങ്ങളിൽ വെച്ചാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
ഇഞ്ചക്ഷൻ നൽകിയ സിറിഞ്ച് ശരിയായ രീതിയിൽ അണുവിമുക്തമാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മരുന്ന്, ചുമതലപ്പെട്ട നഴ്‌സ് നേരത്തേതന്നെ ഫാർമസിസ്റ്റിൽ നിന്ന് വാങ്ങിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ വാക്സിൻ, ഒരു ഹോട്ടലിലെ ഫ്രിഡ്ജിൽ ഭക്ഷണപദാർഥങ്ങൾക്കൊപ്പം സൂക്ഷിച്ചു വെച്ചതായി കണ്ടെത്തിയെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments