ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തക്കം പാർത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി എം.എം നരവാനെ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതിർത്തിക്കപ്പുറത്തുള്ള ഭീകരവാദ പരിശീലന കേന്ദ്രങ്ങളിൽ 350 മുതൽ 400 ഭീകരരുണ്ട്. തരം കിട്ടിയാൽ, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അയ്യായിരത്തിലധികം തവണയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്. ഇത് അവരുടെ ആക്രമണോത്സുകതയെയാണ് സൂചിപ്പിക്കുന്നതെന്നും ജനറൽ ചൂണ്ടിക്കാട്ടി.
സിയാച്ചിൻ മേഖലയിലെ സൈനിക പിൻമാറ്റവും കരസേനാമേധാവി പരാമർശിച്ചു. 110 കിലോമീറ്റർ നീളമുള്ള ആക്ച്വൽ ഗ്രൗണ്ട് പൊസിഷൻ ലൈനെന്ന നിലവിലെ നിയന്ത്രണരേഖ പാകിസ്ഥാൻ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കൂ എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.
Post Your Comments