ഇംഫാൽ: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു മണിപ്പൂർ പോലീസിന്റെ ഭാഗമായി. മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടായിട്ടാണ് അവർ ചുമതലയേറ്റത്. ടോക്യോ ഒളിമ്പികിസിൽ ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡൽ ലഭിച്ചത്. മണിപ്പൂർ മുഖ്യമന്ത്രി നോംഗ്തോംബം ബിരേൻ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മീരാഭായ് ചാനു ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്.
മണിപ്പൂർ പോലീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് ചാനു പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ അവസരമൊരുക്കിത്തന്ന മണിപ്പൂരിനും, മുഖ്യമന്ത്രി നോംഗ്തോംബം ബിരേൻ സിംഗിനും ചാനു നന്ദി അറിയിച്ചു. തനിക്ക് ഇന്നോളം ഉറച്ച പിന്തുണ നൽകി കൂടെ നിന്ന മാതാപിതാക്കൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും തനിക്ക് വേണ്ടി നടത്തിയ ത്യാഗങ്ങൾക്ക് അമ്മയോടും അച്ഛനോടും നന്ദി പറയുന്നുവെന്നും അവർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ചാനു. ഈ നേട്ടത്തിന് പിന്നാലെ അവർക്ക് ജോലിയും ഒരു കോടി രൂപ ധനസഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചാനു ചുമതലയേറ്റ ശേഷം ഒരു കോടി രൂപ സർക്കാർ കൈമാറുകയും ചെയ്തു.
Post Your Comments